
അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. കുറ്റ്യാടി-മാഹി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ വലതുകരയില്‍ ചേരിപ്പൊയില്‍ അക്വഡേറ്റ് മുതല്‍ കല്ലേരി വരെയുള്ള ഒരു കിലോമീറ്റര്‍ നീളമുള്ള ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയപാത പ്രവൃത്തി. നിരവധി തടസ്സങ്ങള്‍ നേരിട്ട പദ്ധതി ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് വേഗത്തിലായത്. കേരള സര്‍ക്കാരിന്റെ വിഹിതമായ 5400 കോടിരൂപയാണ് ദേശീയപാതക്ക് വേണ്ടി വിനിയോഗിച്ചത്. മറ്റുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ദേശീയപാത നിര്‍മ്മാണത്തിനുള്ള പണം നല്‍കുന്നതെങ്കില്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് കേരള സര്‍ക്കാരാണ് ആ പണം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളുടെ നവീകരണം, ആശുപത്രി നവീകരണം തുടങ്ങി വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. മലബാറിനെ സംബന്ധിച്ച് നിരവധി നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐടി പാര്‍ക്കുകളുടെ നിര്‍മ്മാണമാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമെ കോഴിക്കോടും ഐടി പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 1.36 കോടി രൂപ ചെലവഴിച്ച് ചേരിപ്പൊയില്‍ കനാല്‍ ബണ്ട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 2022 ഏപ്രില്‍ മാസത്തിലായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചേരിപ്പൊയില്‍-കല്ലേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ചേരിപ്പൊയില്‍ അക്വഡേറ്റ് മുതല്‍ കല്ലേരി വരെ സുഗമമായ യാത്രയാണ് ഒരുക്കുന്നത്.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ വി സുശീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ എം വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എം ലീന, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ശക്തമായ മഴ ഇന്ത്യയിലെ നെൽകൃഷിയെ ശക്തിപ്പെടുത്തി
Share your comments