ഇടുക്കി പെരിയാർ ടൈഗർ റിസർവിലെ മംഗള എന്ന കടുവക്കുട്ടിക്ക് ഇനി കാടുകയറാനുള്ള പരിശീലനത്തിന്റെ കാലമാണ്. കുട്ടിത്തമൊക്കെ മാറി അവൾ വലിയക്കുട്ടിയായി. ഇനി കാടുക്കയറി ഇരയെ സ്വയം കണ്ടെത്തി ഭക്ഷിക്കണം. ഇതുവരെ വനംവകുപ്പ് നൽകുന്ന ഭക്ഷണമൊക്കെ കഴിച്ച് സുഖിച്ച് കഴിയുകയായിരുന്നു മംഗള. ഇനി മംഗളയ്ക്ക് ഇരയെ കണ്ടെത്താൻ പഠിപ്പിക്കൊരുങ്ങുകയാണ് വനംവകുപ്പ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ കടുവക്കുട്ടിക്ക് പരിശീലനം നൽകുന്നത്. 25 മീറ്റർ നീളമുള്ള കൂട്ടിൽ ഇട്ടാണ് മംഗളയെ ഇരപിടിക്കാനുള്ള പരിശീലനത്തിനായി കാട്ടിലേക്ക് വിടുന്നത്. ജീവനനുള്ള ഇരയെ കൂട്ടിലേക്ക് തുറന്നുവിട്ടാണ് പരിശീലനം തുടങ്ങുന്നത്. കാട്ടിൽ വലിയ മരങ്ങളും വെള്ളവും ലഭിക്കുന്ന സ്ഥലത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി കൂട്ടിൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം രൂപയാണ് പരിശീലനത്തിന് ചെലവഴിക്കുന്നത്.
2020 നവംബർ 21നാണ് മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമുള്ള കടുവക്കുട്ടിയെ വാച്ചർമാർ കണ്ടെത്തിയത്. മംഗളാ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കിട്ടിയതിനാൽ മംഗളയെന്ന് പേരും നൽകി. കൈകാലുകൾ തളർന്ന് അവശനിലയിലായിരുന്ന കടുവക്കുട്ടിയെ അമ്മക്കടുവ ഉപേക്ഷിച്ചതാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. അമ്മക്കടുവയെ കണ്ടെത്താൻ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മംഗളയുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
കുമളി കരടിക്കവലയിലെ ക്വാർട്ടേഴ്സിനു സമീപം പ്രത്യേക സൗകര്യമൊരുക്കിയാണ് മംഗളയെ ഇതുവരെ സംരക്ഷിച്ചത്. കൂടാതെ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു,എഎഫ്ഡിഎ മനു സത്യൻ എന്നിവരുടെ മേൽനോട്ടത്തിൽ ഡോക്ടർമാരായ ശ്യാം ചന്ദ്രൻ, നിഷ, സിബി എന്നിവർക്കായിരുന്നു പരിചരണ ചുമതല. ഇനി വനം വകുപ്പിന്റെ പരീക്ഷ പാസായാൽ മംഗളയ്ക്ക് കാടിന്റെ വന്യതയിലേക്ക് യാത്രയാകാം.
Share your comments