മറയൂര്‍ ശര്‍ക്കര ഗുണം ഇപ്പോള്‍ കൂടുതൽ വര്‍ധിച്ചു. ഭൗമസൂചിക പദവി ലഭ്യമായതോടുകൂടി മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനത്തില്‍ കാര്യമായ മാറ്റംവരുത്തി കര്‍ഷകര്‍ നേട്ടം കൊയ്യുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പലതരംവസ്തുക്കള്‍ ചേര്‍ത്ത് സ്വര്‍ണ (കടുംമഞ്ഞ) നിറമാക്കിയാണ് മുമ്പ് മറയൂര്‍ ശര്‍ക്കര വിപണിയിലെത്തിയിരുന്നത്. എന്നാല്‍ ഭൗമസൂചികാ പദവി ലഭിച്ചതോടുകൂടി കറുപ്പുനിറം കലര്‍ന്ന ബ്രൗണ്‍കളറിലുള്ള ശര്‍ക്കരയ്ക്കാണ് ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഇത് ലഭിക്കണമെങ്കില്‍ വിലയും കൂടുതലായി നല്കണം. സ്വര്‍ണ നിറത്തിലുള്ള ഒരു കിലോ മറയൂര്‍ ശര്‍ക്കര 60 രൂപയ്ക്ക് ഉപഭോക്താവിന് ലഭിക്കുമ്പോള്‍ കളറ് കുറഞ്ഞ ശര്‍ക്കരയ്ക്ക് 100 രൂപയെങ്കിലും നല്കണം. പഴയ ഉത്പാദന രീതിയില്‍നിന്നു പിന്‍മാറുവാന്‍ പല കര്‍ഷകരും മടിച്ചുവരുന്നു. കറുത്ത ശര്‍ക്കരയ്ക്ക് വിപണി കണ്ടെത്തുവാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഇവര്‍. മറയൂര്‍ ശര്‍ക്കര എന്ന ബ്രാന്‍ഡ് ചെയ്ത ശര്‍ക്കര വിപണിയില്‍ ഇറക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറയൂര്‍ കരിമ്പ് ഉത്പാദക സമിതി, മാപ്‌ക്കോ,എന്നീ സംഘങ്ങള്‍ക്കാണ് ഇതിന്റെ ചുമതല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രാന്‍ഡ് ശര്‍ക്കര വിപണിയിലെത്തുവാന്‍ ഇനിയും വൈകും.
മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനത്തിനായി സാധാരണ ഒന്‍പത് മാസം പ്രായമായ കരിമ്പാണ് ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 12 മാസം പൂര്‍ണ വളര്‍ച്ചയെത്തിയ കരിമ്പ് ഉപയോഗിക്കുന്നു. 120 കിലോ ശര്‍ക്കര ഉത്പാദിപ്പിക്കുന്നതിനുള്ള കരിമ്പിന്‍ നീര് രണ്ടര മണിക്കൂര്‍ നേരം തിളപ്പിച്ച് വറ്റിച്ച് എടുക്കുന്നതിനു പകരം കൂടുതല്‍ സമയമെടുത്ത് ശര്‍ക്കര പാനി തിളപ്പിച്ച് വെള്ളാംശം വറ്റിച്ച് കളയുന്നു. ഇതുമൂലം ശര്‍ക്കര കൂടുതല്‍ ദിവസം കേടുപാടുകള്‍ കൂടാതെ ഇരിക്കും. നിറം കിട്ടുന്നതിനായി ഉപയോഗിക്കുന്ന ഹൈഡ്രോസ്, സോഡാക്കാരം, തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്ന ഒരു തരം ബിസ്‌കറ്റ്, വെളിച്ചെണ്ണ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ രീതിയില്‍ മറയൂര്‍ ശര്‍ക്കര ഉത്പാദിപ്പിക്കുന്നത്. അഴുക്ക് തെളിഞ്ഞുവരുന്നതിന് അല്പം കുമ്മായം ചേര്‍ക്കും.ഇത് യാതൊരു വിധത്തിലും ഉപദ്രവകാരിയല്ല. നിറമില്ലെങ്കിലും കറുത്ത നിറത്തിലുള്ള ശര്‍ക്കര ഗുണമേന്മയില്‍ ഏറെ മുന്നിലാണ്.ഇത്തരത്തിലുള്ള ശര്‍ക്കരയ്ക്കാണ് മറയൂര്‍ ശര്‍ക്കര എന്ന് ഭൗമസൂചികാ പദവി ലഭിച്ചിട്ടുള്ളത്.
കടപ്പാട്: മാതൃഭൂമി
Share your comments