കൊറോണ ഭീഷണിയെത്തുടർന്ന് തൊഴിലിന് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് പലിശരഹിത വായ്പ നൽകും. മത്സ്യ തൊഴിലാളിക്ഷേമ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള മത്സ്യ ലേലത്തിൽ പങ്കെടുക്കുന്ന തൊഴിലാളി ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് 5000രൂപ വീതം സ്വന്തം ജാമ്യത്തിലുള്ള വായ്പ 30ന് ലഭ്യമാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അറിയിച്ചു.ഇത് ഒരു വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. ക്ഷേമസംഘങ്ങൾ നടത്തുന്ന ലേലത്തിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ 42,000 തൊഴിലാളികൾക്കു വായ്പ ലഭിക്കും.
മത്സ്യഫെഡ്, സംഘങ്ങൾ, ലേലം നടത്തിപ്പുകാർ എന്നിവർക്ക് ഒരു ശതമാനം വീതം മാത്രം കമ്മീഷൻ ഈടാക്കുന്ന സംവിധാനത്തിലേക്കു കൂടുതൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ആകർഷിക്കാനാണു പ്രത്യേക സാഹചര്യം കണക്കിലെടുത്തു വായ്പ നൽകുന്നത്. മത്സ്യബന്ധന ഉപകരണം വാങ്ങാൻ ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പിന് 80 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. ഈ വായ്പയെടുക്കുന്നവർക്കു മത്സ്യം പുറത്തുവിൽക്കാൻ കഴിയില്ല. സംഘങ്ങൾ വഴിയുള്ള ലേലത്തിലൂടെ മാത്രമേ വിൽക്കാൻ കഴിയൂ. ഇതിൽ 3.5% ആണു മത്സ്യഫെഡിന്റെ കമ്മീഷൻ.
Share your comments