‘മഴരുചിപ്പെരുമ'യിൽ ആദ്യദിനത്തില്‍ തിരക്കോട് തിരക്ക്. തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ എല്ലാം രണ്ടു മണിക്കു മുമ്പേ തീർന്നു. ഇലയടയും ചുക്കു കാപ്പിയും, കപ്പയും മുതിരയും മുളകരച്ചതും, കര്‍ക്കിടകക്കഞ്ഞിയും പത്തിലക്കറിയും ചുട്ട പപ്പടവും, കര്‍ക്കിടകക്കഞ്ഞിയും ചേനപ്പിണ്ടിത്തോരനും ചുട്ട പപ്പടവും, കര്‍ക്കടകക്കഞ്ഞിയും വാഴപ്പിണ്ടിത്തോരനും ചുട്ട പപ്പടവും, ഔഷധപ്പുട്ടും ചുട്ട പപ്പടവും, കൊഴുക്കട്ടയും ചുക്കു കാപ്പിയും, ഔഷധക്കുമ്പിള്‍ അടയും ചുക്കു കാപ്പിയും, നവരസപ്പായസം, പാല്‍ക്കഞ്ഞി, ചെറുപയര്‍ പുഴുങ്ങിയതും കരിപ്പട്ടിയും, ഉലുവാക്കഞ്ഞി, പിടി, കര്‍ക്കിടകപ്പുഴുക്ക്, തിരുവാതിരപ്പുഴുക്ക്, ഞവരക്കഞ്ഞി അങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ആ നിരയ്ക്കും അപ്പുറമായിരുന്നു അത് രുചിക്കാൻ വന്നവരുടെ തിരക്ക്. രുചിയറിഞ്ഞവരിൽ ഏറെയും ജീവനക്കാരായിരുന്നു. വൈകിയെത്തിയവർക്ക് വിഭവങ്ങൾ കിട്ടിയതുമില്ല. മൂന്ന് ദിവസമുള്ള മേളയിൽ അടുത്ത ദിവസമെങ്കിലും ഇഷ്ട വിഭവങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. കുടുംബശ്രീ കേറ്ററിംഗ് യൂണിറ്റുകള്‍ തയ്യാറാക്കിയ കര്‍ക്കടക ഭക്ഷ്യമേളമായ ‘മഴരുചിപ്പെരുമ' 11-ന് സമാപിക്കും. ജില്ലയിലെ പ്രാദേശിക രുചി വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും കര്‍ക്കട ഭക്ഷ്യമേള നടത്താനാണ് അധികൃതരുടെ തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മേള ഉദ്ഘാടനം ചെയ്തു. മേളയുടെ ആദ്യവില്പന ജില്ലാ കളക്ടര്‍ സി.എ. ലത നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
CN രമ്യ, കോട്ടയം
Share your comments