സംസ്ഥാനത്തെ നാളികേര ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ സമഗ്ര പദ്ധതിക്കു രൂപം നൽകും.ഓരോ വർഷവും 15 ലക്ഷം നല്ലയിനം തെങ്ങിൻ തൈ നടാനും 10 വർഷം ഈ പദ്ധതി തുടരാനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓരോ വാർഡിലും ഒരു വർഷം 75 വീതം തെങ്ങിൻ തൈ നടണം. ഇതിനാവശ്യമായ തൈകൾ കൃഷിവകുപ്പും (ആറു ലക്ഷം) കാർഷിക സർവകലാശാലയും (മൂന്നു ലക്ഷം) നാളികേര വികസന കോർപറേഷനും (മൂന്നു ലക്ഷം) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (മൂന്നു ലക്ഷം) ഓരോ വർഷവും ലഭ്യമാക്കണം.
തെങ്ങിൻതൈകൾ കൃഷിക്കാർക്കും വീട്ടുകാർക്കും എത്തിക്കുന്നതിനും പദ്ധതിയുടെ മേൽനോട്ടത്തിനു കൃഷിവകുപ്പും തദ്ദേശഭരണ വകുപ്പും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഉൽപാദനക്ഷമത കുറയുന്നതിനു കാരണമായി ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പരിചരണ മാർഗങ്ങളുടെ അഭാവം, ലാഭകരമല്ലാത്ത കൃഷി, ഗുണമേന്മയുളള നടീൽ വസ്തുക്കളുടെ അഭാവം, കാറ്റുവീഴ്ച ഉൾപ്പെടെയുളള രോഗങ്ങൾ, ഉയർന്ന കൃഷിച്ചെലവ്, തെങ്ങുകയറ്റത്തൊഴിലാളികളുടെ ദൗർലഭ്യം എന്നിവയാണ് നാളികേര വികസന ബോർഡ് ചൂണ്ടിക്കാണിക്കുന്നത്.
1950-51 ൽ ഇന്ത്യയിലെ നാളികേര ഉൽപാദനത്തിന്റെ 62% കേരളത്തിൽ നിന്നായിരുന്നു എന്നാണ് നാളികേര വികസന ബോർഡിൻ്റെ റിപ്പോർട്ട്. 1980-81 ൽ അത് 51 ശതമാനമായും 2016-17 ൽ 31 ശതമാനമായും കുറഞ്ഞു. ഉൽപാദനക്ഷമതയിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. കൃഷിസ്ഥലത്തിന്റെ വിസ്തൃതിയും കുറഞ്ഞു. ഇപ്പോൾ 7.81 ലക്ഷം ഹെക്ടറിലാണു തെങ്ങ് കൃഷിയുളളത്.
Share your comments