കേരളത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി. വാതരോഗം ശമിപ്പിക്കുന്ന ഔഷധങ്ങളില്‍ മുഖ്യചേരുവയാണ് കുറുന്തോട്ടി. സംസ്ഥാനത്ത് 700-ഓളം ആയുര്‍വേദ ഔഷധനിര്‍മാണ ഫാക്ടറികള്‍ക്ക് ആവശ്യമായ ഔഷധസസ്യങ്ങള്‍ കിട്ടുന്നില്ല. വാണിജ്യാടി സ്ഥാനത്തില്‍ കൃഷിചെയ്യാത്തതും വിത്ത് മൂപ്പെത്തും മുമ്പ് വേരോടെ പിഴുതെടുക്കുന്നതുമാണ് കാരണം.പല മരുന്നുകളിലും കൃത്യമായ ഔഷധചേരുവകളില്ല.നിലവിൽ ചേരുവകള്‍ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഇല്ല. തൃശ്ശൂരിലെ മറ്റത്തൂരില്‍ മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്നത് . മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഔഷധിക്കുവേണ്ടി 30 ഏക്കറിലാണ് നാടന്‍ കുറുന്തോട്ടി കൃഷി. ആദിവാസികളാണ് പലപ്പോഴും വനങ്ങളില്‍നിന്നും മറ്റും ഔഷധസസ്യങ്ങള്‍ ശേഖരിച്ചു നല്‍കുന്നത്. ഇവർക്ക് കുറുന്തോട്ടിക്ക് കിലോവിന് 10 രൂപയാണ് കിട്ടുക.മരുന്നു കമ്പനികള്‍ കിലോയ്ക്ക് 140 രൂപവെച്ചു നല്‍കും. ബാക്കി പണം ഇടനിലക്കാര്‍ കൊണ്ടുപോകും. സംസ്ഥാനത്ത് 1500 കോടി രൂപയുടെ ഔഷധവ്യാപാരമാണ് നടക്കുന്നത്.
അമൂല്യമായ പച്ചമരുന്നുകള്‍ക്ക് കടുത്തക്ഷാമവും വന്‍വിലയുമാണ്. ഓരില, മൂവില, പയ്യാനി, കാതിരിവേര്, കൂവളം, കുമിഴ്, കൊടുത്തൂവ എന്നിവയൊന്നും കിട്ടാനില്ല. പൂവാംകുരുന്നില, കൈയോന്നി, മുക്കുറ്റി, തിരുതാളി, നിലപ്പന, വിഷ്ണുക്രാന്തി, മുയല്‍ചെവിയന്‍ തുടങ്ങിയവയും അന്യംനിന്നു. ഇതിന് പരിഹാരം കാണാന്‍ ഔഷധസസ്യബോര്‍ഡിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പല ഔഷധങ്ങളിലും വിധിപ്രകാരമുള്ള മരുന്നുകള്‍ ചേരുന്നില്ലെന്ന പരാതിയുണ്ട്. ഔഷധമേഖലയ്ക്കുമാത്രം ഏകദേശം 1200 ടണ്‍ കുറുന്തോട്ടിയാണ് ആവശ്യം.സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള 'ഔഷധി'മാത്രം 150 ടണ്‍ കുറുന്തോട്ടി വാങ്ങുന്നുണ്ട്. തളിപ്പറമ്പില്‍ 80 ഏക്കറില്‍ കുറന്തോട്ടിമാത്രം കൃഷിചെയ്യുന്നതിനുള്ള പദ്ധതിക്ക് രൂപംകൊടുത്തുകഴിഞ്ഞു. അഞ്ചുവര്‍ഷംമുമ്പ് ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സഹായത്തോടെ 10.36 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതില്‍ 1.25 കോടിയുടെ പദ്ധതി മാത്രമേ തുടങ്ങിയുള്ളൂ. അതും വിജയിച്ചില്ല. തിരുവനന്തപുരത്തെ അഗസ്ത്യവനത്തില്‍ ആദിവാസിമേഖലയില്‍ ഔഷധകൃഷി നടത്താന്‍ 2017-ല്‍ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കി. ശതാവരി, കസ്തൂരി മഞ്ഞള്‍, തിപ്പലി, കറ്റാര്‍വാഴ തുടങ്ങിയവ കൃഷിചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, വിജയിച്ചില്ല. കുറുന്തോട്ടി കൃഷി ലാഭകരമാണ്. ഏക്കറില്‍ ഒരുലക്ഷം തൈ നടാം. വിളവെടുപ്പുവരെ 60,000-70,000 രൂപവരെ ചെലവ് വരും. ഏക്കറില്‍നിന്ന് രണ്ട് ടണ്‍ വരെ വിളവ് കിട്ടും. കിലോഗ്രാമിന് ശരാശരി 75 രൂപയിലേറെ വില കിട്ടും.
Share your comments