മലയോര മേഖലയിലെ ജാതി, കൊക്കോ, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകൾക്ക് കൂടി ജലലഭ്യത ഉറപ്പുവരുത്താനായി മൈക്രോ ഇറിഗേഷൻ പദ്ധതികൾ കേരളത്തിലാകമാനം നടപ്പിലാക്കാനുള്ള പരിശ്രമവും പഠനവും നടത്തിവരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പൂരക്കടവിൽ നിർമ്മിച്ച വിയർ കം ട്രാക്ടർവെയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജലസേചനത്തിനുള്ള സൗകര്യവും കുടിവെള്ള സാധ്യതകൾക്ക് വേണ്ടിയുള്ള സ്രോതസ്സ് എന്നതുമാണ് പൂരക്കടവ് പദ്ധതി നടപ്പിലാക്കുമ്പോൾ പരിഗണിച്ചതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത യോഗ്യമാക്കാൻ കഴിയുന്ന വിധത്തിൽ രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ പാലവും നിർമ്മിച്ചു. കാർഷിക മേഖലയ്ക്ക് ജലലഭ്യത ഉറപ്പുവരുത്താൻ കഴിയുന്ന ജലസേചന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തുന്നതിന് വേണ്ടി ജലജീവൻ മിഷനിൽ 184 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
44 നദികളുള്ള കേരളത്തിൽ ജലക്ഷാമം അനുഭവപ്പെടുകയാണ്. നമുക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ നല്ല നിലയിൽ പരിശ്രമിക്കണം. നമ്മുടെ തോടുകളെയും പുഴകളെയുമെല്ലാം പുനരുജ്ജീവിപ്പിക്കണം. നമ്മുടെ നദികളിലും പുഴകളിലും കാലക്രമേണ വന്ന മാറ്റങ്ങൾ പരിശോധിക്കപ്പെടണം. ജലജീവൻ മിഷനിലൂടെ സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോവുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ 17 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് കുടിവെള്ളം ഉണ്ടായിരുന്നത്. കേരളത്തിൽ ഗ്രാമീണമേഖലയിൽ 70,80,000 കുടുംബങ്ങൾ ഉണ്ട്.
ഒന്നരവർഷം കൊണ്ട് 17 ലക്ഷം എന്നത് 30 ലക്ഷം ആയി ഉയർത്താൻ കഴിഞ്ഞു. കേരളത്തിൽ ഭൂഗർഭജലനിരപ്പ് താഴുകയാണ്. എന്നാൽ തീരമേഖലയിൽ ജലനിരപ്പ് ഉയരുകയാണ്. ചെറിയ പദ്ധതികളിലൊന്നും ഇപ്പോൾ വെള്ളമില്ല. ചെറിയ തോടും കുഴിയുമെല്ലാം ഉണങ്ങുന്നു. ഇതിന് മാറ്റമുണ്ടാവാണ് ഇത്തരം ചെറിയ വിയറുകൾ കെട്ടി ജലലഭ്യത ഉറപ്പുവരുത്താൻ ശ്രമിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാധ്യത നാം ജാഗ്രതയോടെ കാണണമെന്നും മന്ത്രി പറഞ്ഞു.
എം വിജിൻ എം എൽ എ അധ്യക്ഷനായി. ചെറുകിട ജലസേചന വകുപ്പ് കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ചെറുകിട ജലസേചന വകുപ്പ് കോഴിക്കോട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ എം കെ മനോജ്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെംബർ ഷംസീറ അലി, രാഷ്ട്രീയ കക്ഷിനേതാക്കളായ കെ പത്മനാഭൻ, എം പി ഉണ്ണികൃഷ്ണൻ, ജോയ് കൊന്നക്കൽ, ടി രാജൻ, കെ കെ അലിഹാജി, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഇ എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കേരള ജലവിഭവ വകുപ്പ് നബാർഡിന്റെ സഹായത്തോടെ ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പ്രവൃത്തി പൂർത്തികരിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 3.81 കോടി രൂപയാണ് അനുവദിച്ചത്. 2019 ഫെബ്രുവരി 21ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയിൽ 26 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെ 12 മീറ്റർ നീളമുള്ള രണ്ട് മെക്കാനിക്കൽ ഷട്ടർ സംവിധാനത്തോടുകൂടിയ റഗുലേറ്ററും 3.25 മീറ്റർ വീതിയിൽ കാരേജ് വേയുള്ള വാഹന ഗതാഗതത്തിനു അനുയോജ്യമായ പാലവും നിർമ്മിച്ചിട്ടുണ്ട്. റഗുലേറ്ററിന്റെ സംഭരണശേഷി 2.50 മീറ്ററാണ്. ഷട്ടറടച്ച് വയ്ക്കുന്ന സമയങ്ങളിൽ ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിൽ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്നുണ്ട്. റഗുലേറ്ററിനോടനുബന്ധിച്ച് ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും പൂർത്തീകരിച്ചിട്ടുണ്ട്.
പ്രവൃത്തി പൂർത്തിയായതോടുകൂടി ആലക്കാട്, ഒതേര തേനംകുന്ന് പ്രദേശങ്ങളിലെ 344.67 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമായി. ആലക്കാട് നിന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ദൂരം ഗണ്യമായി കുറഞ്ഞു. ഈ പദ്ധതിയുടെ പൂർത്തീകരണം വഴി ആയിരത്തിൽ പരം ആളുകൾക്ക് നേരിട്ട് ഗുണം ലഭിക്കും. കൂടാതെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും, ഒരു പരിധിവരെ വരൾച്ചയെ നേരിടുന്നതിനും ഈ പദ്ധതികൊണ്ട് സാധിക്കും.
Share your comments