സംസ്ഥാനത്ത് പാല്‍ പര്യാപ്തതയില്‍ 20 ശതമാനം വര്‍ദ്ധനവ് ക്ഷീര ഗ്രാമം പദ്ധതിയിലൂടെ കൈവരിയ്ക്കാനായതായി ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു. വൈക്കം-ബ്ലോക്ക് ക്ഷീര സംഗമവും ക്ഷീര ഗ്രാമം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല്‍ വ്യവസായമായി കാണുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിന് മാറ്റം വരണം. ക്ഷീര മേഖലയെ കാര്‍ഷിക മേഖലയായി പരിഗണിച്ചാല്‍ മാത്രമേ ക്ഷീരകര്‍ഷകര്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ ആകൂ. കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയില്ല, വിലയുമില്ല എന്ന അവസ്ഥ മാറണം.
ആളുകളെ ബോധവത്ക്കരണത്തിലൂടെ ക്ഷീര മേഖലയിലേയ്ക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കന്നുകുട്ടി പരിപാലനത്തിനായി 107 കോടി ബഡജ്റ്റില്‍ വകയിരുത്തിയതും ക്ഷീര കര്‍ഷക പെന്‍ഷന്‍ 500 -ല്‍ നിന്നും 1100 ആയി ഉയര്‍ത്തിയതും ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതെ എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ബ്ലോക്കിലെ വല്ലകം, നേരെകടവ്, ഉദയനാപുരം ക്ഷീര വികസന യൂണിറ്റുകളില്‍ 90 ശതമാനമാണ് പാല്‍ പര്യാപ്തയില്‍ വര്‍ദ്ധനവ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പു ജോയിന്റ് ഡയറക്ടര്‍ ബിജി വി. ഈശോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. സുഗതന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ. അനികുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീര കര്‍ഷകര്‍ക്കുളള സമ്മാനദാനവും ഫാം ഉപകരണങ്ങളുടെ വിതരണോത്ഘാടനവും നടന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലോടി സ്വാഗതവും വൈക്കം ക്ഷീര വികസന ഓഫീസര്‍ കെ. മനോഹരന്‍ നന്ദിയും പറഞ്ഞു.
Photos - വൈക്കം-ബ്ലോക്ക് ക്ഷീര സംഗമവും ക്ഷീര ഗ്രാമം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനവും ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
CN Remya Chittettu Kottayam, #KrishiJagran
Share your comments