സംസ്ഥാനത്തു സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാകുന്നതോടെ പ്ലാസ്റ്റിക്കിന് പകരക്കാരനെ ഇറക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞെന്ന് ചെയര്‍മാന്‍ പി എ ബാലന്‍ പറഞ്ഞു.പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുന്നതിന് മില്‍മയ്ക്ക് രണ്ടു വര്‍ഷത്തെ സാവകാശം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. അതിനു മുമ്പ് തന്നെ ബദല്‍ കണ്ടെത്താനാണ് ശ്രമം.ദേശീയ ക്ഷീരവികസന ബോര്‍ഡിനുകീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഡെയ്‌റി ചെയ്യുന്നതുപോലെ ടെട്രാ പാക്കുകളില്‍ (ശീതളപാനീയങ്ങളും മറ്റും ലഭ്യമാക്കുന്ന കടലാസ് നിര്‍മിത ചതുരപ്പെട്ടി) പാല്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് മില്‍മയും. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ടെട്രാ പാക്ക് നിര്‍മിക്കാവുന്ന ഫാക്ടറി 80 കോടി രൂപ മുടക്കി ആരംഭിച്ചിട്ടുണ്ട്.
ടെട്രാപാക്കറ്റുകളുടെ മുകളില്‍ ഇപ്പോഴുള്ള നേര്‍ത്ത പ്ലാറ്റിക് ആവരണംകൂടി ഇല്ലാതാക്കാന്‍ ഏറ്റവും ആധുനികമായ നിര്‍മാണ സാങ്കേതിക വിദ്യയ്ക്കുള്ള ശ്രമം മില്‍മ ആരംഭിച്ചിട്ടുണ്ട്. ടെട്രാ പാക്കിനായി പുതിയ രണ്ട് ഫാക്ടറികള്‍കൂടി ആരംഭിക്കാനാണ് പദ്ധതി. മദര്‍ ഡെയ്‌റിയെ മാതൃകയാക്കി, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ പാല്‍ വിതരണത്തിന് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മുന്‍കൂട്ടി വാങ്ങുന്ന ടോക്കണ്‍ ഇട്ട് പാത്രങ്ങളില്‍ നിശ്ചിത അളവില്‍ പാല്‍ കിട്ടുന്നതാണ് സംവിധാനം. ഡല്‍ഹിയില്‍ അത് വിജയകരമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള വെന്‍ഡിങ് മെഷീനുകളില്‍ മാറ്റം വരുത്തി, എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന സംഭരണികളുള്ള പുതിയ വെന്‍ഡിങ് മെഷീനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡുമായി ചര്‍ച്ച നടത്തും.ആറ് മാസംകൊണ്ട് മണ്ണില്‍ അലിഞ്ഞുചേരുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കായി ചെന്നൈയിലെ കമ്ബനിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. വിശ്വാസ്യത ഉറപ്പായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുനോക്കും.
സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ നടത്തുന്ന ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പാല്‍ക്കവറുകള്‍ തിരിച്ചെടുക്കുന്ന പദ്ധതി ആരംഭിച്ചു. പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച ഉടന്‍ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. ജനുവരിയോടെ ഈരീതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.പാല്‍ കവറുകള്‍ തിരിച്ചെടുക്കുന്ന പദ്ധതി രണ്ട് തരത്തിലാണ് നടപ്പാക്കുന്നത്. ആക്രി ശേഖരിക്കുന്നവരിലൂടെയും പാല്‍ വില്‍ക്കുന്ന കടകളില്‍ പെട്ടിവച്ചും കവറുകള്‍ ശേഖരിക്കുന്നു. വിദ്യാര്‍ഥികള്‍ വഴി വീടുകളിലെ പാല്‍ക്കവറുകളും പ്ലാസ്റ്റിക്കും സ്കൂളുകളില്‍ എത്തിക്കുന്നതിന് ചര്‍ച്ച പുരോഗമിക്കുന്നു. മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലകളില്‍ പദ്ധതിക്കായി രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.
Share your comments