
ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും (ഐപിസി) ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും (എഐഎസ്ഇഎഫ്) കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
വിളകളുടെ ആരോഗ്യവും ഉത്പാദനവും വില്‍പനയും സംബന്ധിച്ച് രാജ്യത്തെ ഓരോ കര്‍ഷകനും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായി പരിഹാരം നല്‍കുന്ന വ്യക്തിഗത മൊബൈല്‍ ആപ്പാണ് ഇതെന്ന് എ.ഐ.എസ്.ഇ.എഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പറഞ്ഞു.
ക്യഷിയിടത്തിന്റെ വിസ്തീര്‍ണ്ണം , ജോഗ്രഫിക്കല്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച് കര്‍ഷകന്‍ നല്‍കുന്ന അടിസ്ഥാന വിവരങ്ങള്‍ വിലയിരുത്തിയാണ് ഫാര്‍മേഴ്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. വിളയുടെ ഇനം കൃഷിയിടത്തിലെ മണ്ണിന്റെയും കാലാവസ്ഥയുടെയും ബന്ധങ്ങള്‍ എന്നിവ പരിഗണിച്ച് ഉചിതമായ ശുപാര്‍ശകള്‍ ലോഡ് ചെയ്യാനുള്ള കഴിവ് ആപ്പിനുണ്ട്. കൃഷിരീതികളും (പാക്കേജ് ഓഫ് പ്രാക്റ്റീസ്) ലഭ്യമാക്കിയിരിക്കുന്നതിനാല്‍ ഓരോ മാസവും കൃഷി ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌ക്രീനില്‍ തെളിയും. കൃഷിയിടങ്ങളിലെ സംശയങ്ങള്‍ക്ക് കര്‍ഷകര്‍ ചുറ്റും അന്വേഷിക്കേണ്ടിവരുന്നില്ല. കര്‍ഷകര്‍ പ്രവര്‍ത്തനം എങ്ങനെ ചെയ്യണമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് ഓരോ പ്രവര്‍ത്തനവും വിശദമായ റൈറ്റ്-അപ്പ്, ഒന്നിലധികം ചിത്രങ്ങള്‍ എന്നിവയോടുകൂടിയാണ് നല്‍കിയിരിക്കുന്നത്.

അഗ്രി-ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ദേശീയ, അന്തര്‍ദേശീയ വിപണികള്‍ തുടങ്ങിയവയുമായി ആപ്പ് കര്‍ഷകരെ നേരിട്ട് ബന്ധിപ്പിക്കും. കുരുമുളക് കൃഷി സമ്പ്രദായങ്ങള്‍, രാസവള ഉപയോഗം, കീടരോഗങ്ങള്‍, മറ്റ് രോഗങ്ങളെ തിരിച്ചറിഞ്ഞ് അവയെ പരിഹരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയും ലഭിക്കും. ഉത്പന്നം വിറ്റഴിക്കാനും നല്ല വില ലഭിക്കാനും കര്‍ഷകന് സഹായകമാകുന്ന രീതിയിലാണ് ആപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത്.
ബി. എന്‍. എസ്. മൂര്‍ത്തി, കമ്മീഷണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ നിര്‍മ്മല്‍ ബാബു, ജക്കാര്‍ത്ത ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹൊവാങ് തി ലീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments