ഭാവി സുരക്ഷിതമാക്കാൻ എൽഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഒരുപാട് പോളിസികൾ അവതരിപ്പിക്കുന്നുണ്ട്. നാളെയുടെ ഭദ്രതക്കായി മികച്ച ആദായം ലഭിക്കുന്ന, ഏറ്റവും അനുയോജ്യമായ പോളിസി തന്നെ തെരഞ്ഞെടുക്കേണ്ടതായുണ്ട്.
സാധാരണക്കാരനും അവരുടെ സമ്പാദ്യം നിക്ഷേപിച്ച് ഭാവിയിൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന സ്‌കീമുകളാണ് എല്‍ഐസി പ്രദാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു സ്പെഷ്യൽ എൽഐസി പോളിസിയാണ് ഇനി പരിചയപ്പെടുത്തുന്നത്.
എല്‍ഐസി നവജീവന്‍
ഭാവിയിൽ സാമ്പത്തികഭദ്രത നേടാൻ പ്രയോജനപ്പെടുന്ന ഒരുപാട് സവിശേഷതകളുള്ള ഒരു പോളിസിയാണിത്. എല്‍ഐസി നവജീവനിലൂടെ ഒറ്റത്തവണയായി പ്രീമിയം നല്‍കുകയോ അല്ലെങ്കില് പെയ്‌മെന്റ് കാലയളവുമായി ബന്ധപ്പെടുത്തി ലിമിറ്റഡ് പ്രീമിയം രീതിയിലോ പേയ്മെന്റ് നടത്താം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പോളിസി ഉടമയ്ക്ക് നികുതി ഇളവ്, മെച്യൂരിറ്റി ആനുകൂല്യം മുതൽ മരണ ഇൻഷുറൻസ് വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതു കൂടാതെ, പോളിസി എടുത്തവർക്ക് ഈ പ്ലാനിന് കീഴിലുള്ള പ്രീമിയം ഒറ്റത്തവണയായോ അല്ലെങ്കിൽ പരിമിതമായ (അഞ്ച് വർഷത്തെ കാലയളവ്) സയമത്തിനുള്ളിലോ അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഈ പോളിസി ഓൺലൈനിലും ഓഫ്‌ലൈനിലും വാങ്ങാമെന്നതും മറ്റൊരു സവിശേഷതയാണ്.
പോളിസി വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടും പരമാവധി വയസ് അറുപത്തി രണ്ടുമാണ്.
ഒരു നോണ്‍ ലിങ്ക്ഡ്, വിത്ത് പ്രൊഫിറ്റ് സെറ്റില്‍മെന്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ് എല്‍ഐസി നവജീവന്‍ പോളിസി. അതുപോലെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുൻപ് പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബാംഗങ്ങള്‍ക്ക് ഇതിലൂടെ സാമ്പത്തിക സഹായം ലഭിക്കും.
എല്‍ഐസി നവജീവന്‍ പോളിസിയുടെ കാലയളവ് 10 മുതൽ 18 വർഷം വരെയാണ്. പോളിസി ഉടമ റിസ്ക് കാലയളവ് ആരംഭിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ പോളിസി ഉടമയുടെ നോമിനിക്കോ കുടുംബത്തിനോ പലിശയില്ലാതെ പ്രീമിയം തുക ലഭ്യമാകും.
മറിച്ച് റിസ്‌ക് കാലയളവ് ആരംഭിച്ചതിന് ശേഷമാണ് ലൈഫ് ഇന്‍ഷുറൻസ് എടുത്ത വ്യക്തിയുടെ മരണം സംഭവിക്കുന്നത് എങ്കില്‍ എത്ര രൂപയാണോ അഷ്വേർഡ് ചെയ്തിരിക്കുന്ന മുഴുവന്‍ തുകയും നോമിനിക്ക് നൽകും.
പോളിസി എടുത്ത് ആദ്യ അഞ്ച് വര്‍ഷത്തിനുള്ളിൽ വ്യക്തിയ്ക്ക് മരണം സംഭവിച്ചാൽ അഷ്യേര്‍ഡ് ചെയ്ത തുകയും ഒപ്പം ലോയല്‍റ്റി അഡിഷനും നോമിനിയ്ക്ക് ലഭിക്കുന്നതായിരിക്കും.
ഇതിന് പുറമെ, നവജീവന്‍ പോളിസിയിൽ ഭാഗമാകുന്ന സമയത്ത് ഉപയോക്താവിന് എല്‍ഐസിയുടെ ആക്‌സിഡന്റല്‍ ഡെത്ത്, ഡിസബിലിറ്റി നേട്ടം എന്നിവ പ്രത്യേകമായി ലഭിക്കുന്നു. ഇതിന് വേണ്ടി അധിക പ്രീമിയം തുക നല്‍കണം.
ഈ സവിശേഷമായ പോളിസിക്ക് കീഴിൽ ലോണുകളും നൽകുന്നുണ്ട്. രണ്ട് വർഷം മുഴുവൻ പ്രീമിയം തുക അടച്ചുകഴിഞ്ഞാൽ ലോണെടുക്കാമെന്ന മാനദണ്ഡമാണ് മുന്നോട്ട് വക്കുന്നത്.
നവജീവൻ പോളിസി പൂർത്തിയാക്കി കഴിഞ്ഞാൽ 11 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിന്റെ ഏറ്റവും ചുരുങ്ങിയ അഷ്വേർഡ് തുക 1 ലക്ഷം രൂപയാണ്.
Share your comments