എറണാകുളം ജില്ലയില്‍ ജല ബജറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മുളന്തുരുത്തി ബ്ലോക്കില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജല ബജറ്റ് തയ്യാറാക്കുന്നതിനുള്ള ബ്ലോക്കുതല കണ്‍വെന്‍ഷനും സാങ്കേതിക സമിതി യോഗവും ബ്ലോക്ക് പ്രസിഡന്റ് രാജു പി നായര്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം നവ കേരളം കര്‍മ്മപദ്ധതി, ഹരിത കേരളം മിഷന്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് (സി ഡബ്ല്യു ആര്‍ ഡി എം) എന്നിവരുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാര്‍ച്ച് 22 ലോക ജലത്തില്‍ ജല ബജറ്റ് പ്രകാശനം ചെയ്യും.
ഒരു പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജല ബജറ്റ് ഇന്ത്യയില്‍ ആദ്യമായി തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുകയാണ് ജല ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫ്രീ ഫ്‌ളോ എന്ന പദ്ധതിയുമായി ചേര്‍ന്നാണ് ജലബജറ്റിന്റെ പ്രവര്‍ത്തനവും നടത്തുക. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകളുടെയും തോടുകളുടെയും നീര്‍ചാലുകളുടെയും മാപ്പിങ്ങും വിശദമായ പദ്ധതി രേഖ തയ്യാറാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള ഏരിയല്‍ സര്‍വേ നടപടികള്‍ ആരംഭിക്കുവാനും പഞ്ചായത്ത് തല മോണിറ്ററിംഗ് കമ്മിറ്റികള്‍ ചേരുന്നത്തിനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തു ജലബജറ്റ് നടപ്പിലാക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട 15 ബ്ലോക്കുകളില്‍ ഒന്നും ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്തുമാണ് മുളന്തുരുത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രണ്ടാം നവകേരളം കര്‍മ്മപദ്ധതി കോ-ഓഡിനേറ്റര്‍ എസ്. രഞ്ജിനി വിഷയാവതരണം നടത്തി. മുളന്തുരുത്തി, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ബെന്നി, സജിത മുരളി, കെ ആര്‍ ജയകുമാര്‍, വി ജെ ജോസഫ്, ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാജി മാധവന്‍, ജൂലിയേറ്റ് ടി. ബേബി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍മാര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ജില്ലാ ഓഫീസര്‍ മഞ്ജു എസ്, ടോക് എച്ച് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി,
ബി ഡി ഒ സാബു കെ മാര്‍ക്കോസ് ,ജി ഇ ഒ സിബിന്‍ ഇ പി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ ടി രത്‌ന ഭായ്, എ എ സുരേഷ്, ജലസേചനം, മണ്ണ് സംരക്ഷണം, കൃഷി, വ്യവസായം, മൃഗ സംരക്ഷണം, ഭൂജല വിനിയോഗം വകുപ്പ് ഉദ്യോഗസ്ഥര്‍, എം ജി എന്‍ ആര്‍ ഇ ജി എസ്. എ ഇ മാര്‍ , സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, യൂത്ത് കോ-ഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 9,250 രൂപ പെൻഷൻ; പ്രധാനമന്ത്രി വയവന്ദന യോജന ഉടൻ അവസാനിക്കും
Share your comments