സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം സംരംഭകര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടതിങ്ങനെ?
വായ്പ ആവശ്യമുള്ളവര്‍ ബാങ്ക് വായ്പ ലഭ്യത ഉറപ്പുവരുത്തി ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. പദ്ധതിയ്ക്ക് പ്രത്യേക പ്രൊജക്ട് റിപ്പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ ബാങ്കുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മതിയായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്. ഭൂമിയുടെയും, വാഹനം ആവശ്യമുണ്ടെങ്കില്‍ അതിന്റെയും വിലകള്‍ മൊത്തം പ്രൊജക്ട് കോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഖാദി കമ്മീഷനും അനുശാസിക്കുന്നതും ഭേദഗതി വരുത്തുന്നതുമായ എല്ലാ ലൈസന്‍സുകളും റിക്കാര്‍ഡുകളും കൈവശമുണ്ടായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗക്കാരും അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്ന വ്യവസായങ്ങള്‍ ഒഴികെ ഏതു വ്യവസായങ്ങള്‍ക്കായും അപേക്ഷിക്കാവുന്നതാണ്. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവ താഴെ.
1. മത്സ്യ-മാംസാദികളിലധിഷ്ഠിതമായവ, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില സംബന്ധമായവ, കള്ള് ചെത്ത്, മദ്യ-മാംസ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍ വ്യവസായം മുതലായവ.
2. തേയില, കാപ്പി, റബ്ബര്‍ മുതലായവയുടെ കൃഷി, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, മൃഗ സംരക്ഷണം, കൃത്രിമ കോഴിക്കുഞ്ഞുല്‍പ്പാദന യന്ത്രങ്ങളുടെയും കൊയ്ത്തുയന്ത്രങ്ങളുടെയും നിര്‍മ്മാണം തുടങ്ങിയവ.
3. 20 മൈക്രോണില്‍ താഴെ കനമുള്ളതോ നിരോധിക്കപ്പെട്ടതോ ആയ പോളിത്തീന്‍ ബാഗുകള്‍ പുന പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപകരണങ്ങളും പരിസര മലിനീകരണം ഉണ്ടാക്കുന്ന മറ്റു പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും സംഭരണവും.
4. ഗതാഗത വാഹനങ്ങള്‍ മുതലായവ.
ഗുണഭോക്താക്കള്‍
വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍
പദ്ധതി ച്ചെലവ്
പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ചുലക്ഷം രൂപയാണ്. മൂലധനച്ചെലവിന്റെ (കെട്ടിടം, യന്ത്രസാമഗ്രികള്‍) ഓരോ ഒരു ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാള്‍ക്ക് തൊഴില്‍ ലഭ്യമാക്കണം.
മാര്‍ജിന്‍ മണി
ജനറല്‍ വിഭാഗക്കാര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25% മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 30% വും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 40% വും മാര്‍ജിന്‍ മണി ലഭിക്കും.
ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 10% സ്വന്തം മുതല്‍ മുടക്കായി പദ്ധതിയില്‍ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഇത് അഞ്ചു ശതമാനമായിരിക്കും.
ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 90% തുക ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായി ലഭ്യമാക്കണം. മറ്റ് വിഭാഗങ്ങള്‍ക്ക് ഇത് 95% ആയിരിക്കും.
ഈ പദ്ധതി അനുസരിച്ച് വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം വഞ്ചിയൂരുള്ള ആസ്ഥാന ഓഫീസുമായോ വെസ്റ്റ് ഫോര്‍ട്ട് റോഡിലുള്ള ജില്ലാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0491-2534392.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എസ് .എഫ് .എസ് .സി അറിയിപ്പ്
Share your comments