സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ അടിസ്ഥാനസൗകര്യ വികസനത്തിനായി നബാര്‍ഡ് 70 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലംബിച്ച് കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന വര്‍ദ്ധനവും സുസ്ഥിര വികസനവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി വഴിയുള്ള പദ്ധതികള്‍ക്കാണ് നബാര്‍ഡ് അനുമതി നല്‍കിയത്.
കൃഷിവകുപ്പ് സമര്‍പ്പിച്ച ആലപ്പുഴ ജില്ലയിലെ കാവാലം മണിയങ്കര പാടശേഖരം, വടക്കേക്കരി-മഠത്തിന്‍കരിപാടം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ പുത്തന്‍പുരയ്ക്കല്‍ പാടശേഖരം, വിയ്യപുരം പഞ്ചായത്തിലെ കരീപ്പാടം പാടശേഖരം എന്നിവയ്ക്കായി 5.5 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 9.58 കോടി രൂപയുടെയും കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലത്തിന 5.02 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി കേരള ലാന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച പ്രോജക്ട് പ്രകാരം 4.61 കോടി രൂപയും തൃശൂര്‍ ജില്ലയിലെ നെടുപുഴ ആറാട്ടുകടവ് ദുര്‍ഗ്ഗാദേവി അമ്പലക്കുളം, കയ്പമംഗലം മണ്ഡലത്തിലെ എസ്.എന്‍ പുരം പഞ്ചായത്തിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം, ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മൂപ്പടം നെല്ല് പാടശേഖരം എന്നിവയ്ക്കായി 4.77 കോടി രൂപയും കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ അന്നമനട പഞ്ചായത്തിലെ കുട്ടന്‍കുളം, കുഴൂര്‍ പഞ്ചായത്തിലെ പോളക്കുളം, നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് പഞ്ചായത്തിലെ പെരുവനം ക്ഷേത്രക്കുളം, പനങ്കുളം, അന്തിക്കാട് പഞ്ചായത്തിലെ ചടയന്‍കുളം, ചാലക്കുടി മണ്ഡലത്തിലെ കൊടകര പഞ്ചായത്തിലെ പൂതിക്കുളങ്ങര കുളം എന്നിവയ്ക്കായി 4.64 കോടി രൂപയും അംഗീകരിച്ചു.
Share your comments