മരച്ചീനി, മധുരക്കിഴങ്ങ്, ചേന, കാച്ചില്‍ തുടങ്ങി ഭക്ഷ്യയോഗ്യമായ 102 ലധികം കിഴങ്ങുവര്‍ഗ്ഗങ്ങളാണ് ഷാജിയുടെ ശേഖരത്തിലുള്ളത്. ഇവയ്ക്ക് പുറമേ, നെല്ല്, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, നാടന്‍ ഇനം മത്സ്യങ്ങള്‍ തുടങ്ങിയവയും ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചേന, കാച്ചില്‍, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കുടിയേറ്റ കര്‍ഷകര്‍ക്കും വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും പ്രധാന ഊര്‍ജ സ്രോതസ്സുകളായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ കിഴങ്ങുകൃഷി കുറഞ്ഞു. പരമ്പരാഗത കിഴങ്ങുവര്‍ഗ്ഗങ്ങളെ പുതിയ തലമുറ ഉപേക്ഷിച്ചുവെങ്കിലും, ഷാജിയും അദ്ദേഹത്തിന്റെ കുടുംബവും അടുത്ത തലമുറയ്ക്കുവേണ്ടി ഇവ സംരക്ഷിക്കുകയാണ്. ഒരു കര്‍ഷകന്‍ വിത്ത് നല്‍കിയാല്‍ വാങ്ങുന്ന അതേ അളവില്‍ അടുത്തവര്‍ഷം തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയില്‍ ഫലപ്രദമായ ഒരു വിത്തുവിതരണ സംവിധാനവും ഷാജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി പരമ്പരാഗത വിത്തിനങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിച്ചു നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് ഷാജി പറയുന്നു.
മെയ് 22 ന് തെലങ്കാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. കേരള കാര്‍ഷിക സര്‍വ്വകലാശാലയാണ് ഷാജിയുടെ പേര് അവാര്‍ഡിനായി നിര്‍ദ്ദേശിച്ചത്. വിത്തുകള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ദേശീയ തലത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം നല്‍കുന്ന ജിനോം സേവിയര്‍ ഫാര്‍മര്‍ പുരസ്‌കാരം 2015 ല്‍ ഷാജിയ്ക്ക് ലഭിച്ചിരുന്നു.
Share your comments