News

ദേശീയ വാഴമഹോത്സവത്തിന് കല്ലിയൂരില് തുടക്കം; കേരളത്തിന് അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം: കേന്ദ്രമന്ത്രി രാധാമോഹന് സിങ്

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2015 മുതല്‍ 2018 വരെ 98,725 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. ഇതില്‍ 48,000 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ കാര്‍ഷികമേഖലയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഈ ഫണ്ട് വേണ്ടരീതിയില്‍ ഉപയോഗിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. കല്ലിയൂരില്‍ ദേശീയ വാഴ മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെയും ഗ്രാമങ്ങളുടേയും വികസത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമേഖലയില്‍ വളരെ മുന്നിലായിരുന്ന കേരളം മാറിയ ഭക്ഷണരീതികൊണ്ട് ഇന്ന് ജീവിതശൈലീ രോഗങ്ങള്‍ക്കും കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍ക്കും അടിമപ്പെട്ടു കഴിഞ്ഞുവെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അടുത്തിടെ പുറത്തുവന്ന നീതി ആയോഗിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ആരോഗ്യരംഗത്ത് കേരളം ഒന്നാംസ്ഥാനത്താണെന്ന് വന്നു. പാര്‍ട്ടിയ്ക്കും രാഷ്ട്രീയത്തിനും അതീതമായി അഭിമാനത്തോടെ കാണേണ്ട ഈ നേട്ടം ഏത് സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെന്ന് അന്വേഷിച്ച് രാഷ്ട്രീയപരമായി വിലയിരുത്താനാണ് പലരും ശ്രമിച്ചത്. മലയാളിയുടെ രക്തത്തില്‍ കലര്‍ന്നിരിക്കുന്ന ഈ മനോഭാവം മാറേണ്ടതാണെന്നും വികസനവും നേട്ടങ്ങളും രാഷ്ട്രത്തിന്റെ സ്വത്തായി കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍്ത്തു. കല്ലിയൂര്‍ ഗ്രാമം ഇന്നും കാര്‍ഷികമേഖലയില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയവാഴ മഹോത്സവം പോലെയുള്ള ഒരു പരിപാടി കല്ലിയൂര്‍ ഗ്രാമത്തില്‍ വച്ച് നടത്തുന്നതുമൂലം നമ്മള്‍ ഒരു ഗ്രാമത്തെ തന്നെയാണ് ആദരിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത സുരേഷ്‌ഗോപി എം.പി പറഞ്ഞു. അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ ഗ്രാമങ്ങളെയും കൃഷിയെയും ഒരുപാട് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കല്ലിയൂര്‍ ഗ്രാമത്തിന് കൃഷി ഇന്നും അന്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വാഴമഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും സ്റ്റാളുകളും എം.പി ഉദ്ഘാടനം ചെയ്തു.

സാമ്പത്തികപ്രശ്‌നം മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കേണ്ടത് അലവന്‍സും പെന്‍ഷനും കൊടുത്തിട്ടോ, ഇന്‍ഷുര്‍ ചെയ്തിട്ടോ, കര്‍ഷകനെ സര്‍ക്കാര്‍ ജീവനക്കാരാക്കിയിട്ടോ അല്ല വേണ്ടതെന്നും നല്ല രീതിയില്‍ കൃഷിചെയ്യാന്‍ വേണ്ട സഹായം പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടതെന്നും പരിപാടിയില്‍ പങ്കെടുത്ത ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. അതിനുള്ള പരിപാടിയാണ് കേന്ദ്രഗവണ്‍മെന്റ് ചെയ്തിട്ടുള്ളത്. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങാനും ആ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനുമാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഴയിനങ്ങളും വാഴ വിഭവങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഒരു കുടക്കേഴില്‍ എത്തിക്കുകയാണ് വാഴമഹോത്സവം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഴ മഹോത്സവത്തോടനുബന്ധിച്ച് കൃഷിജാഗരണ്‍ മാസിക പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം കേന്ദ്രമന്തി രാധാമോഹന്‍ സിംഗും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സെന്റര്‍ ഫോര്‍ ഇന്നോവഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും കല്ലിയുര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് വാഴ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തിലധികം വരുന്ന വാഴയിനങ്ങളുടെ വൈവിധ്യമാണ് ഈ മഹോത്സവത്തില്‍ കാണികളെ കാത്തിരിക്കുന്നത്. വഴകര്‍ഷകരും വ്യാപാരികളും അക്കാദമിക് യന്ത്ര നിര്‍മ്മാണ മേഖലയിലെ പ്രമുഖര്‍ തുടങ്ങി ജൈവ സാങ്കേതിക സ്ഥാപനങ്ങളും ഗവേഷകരും വരെ മേളയില്‍ അണിനിരക്കുന്നുണ്ട്. വാഴനാര് മുതല്‍ വാഴത്തട വരെ ഉപയോഗിച്ചുകൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിഭവങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു. ഹൈടെക് വാഴക്കൃഷി പരിശീലനം, മൂല്യവര്‍ദ്ധിത ഉല്പ്പന്ന നിര്‍മ്മാണ പരിശീലനം, ഫോട്ടോ ഗ്രാഫി മത്സരം, കര്‍ഷക സംഗമം, ദേശീയ സെമിനാര്‍, പ്രദര്‍ശനം എന്നിവ ദേശീയ വാഴ മഹോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.


Share your comments