News

വാഴ: ഇന്നലെ, ഇന്ന്  നാളെ

ദേശീയ വാഴ മഹോത്സവത്തിനോടനുബന്ധിച്ച് സിസ നടത്തുന്ന പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. വാഴ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. 

വാഴ ഭാരതത്തിന്റെ സ്വന്തം കല്പതരു

വാഴയുടെ ഉത്ഭവവും വൈവിദ്ധ്യവുമായി ഒഴിച്ചുകൂടാനാവാത്ത ബന്ധമുള്ള നാടാണ് ഭാരതം. ആഹാരം ഔഷധം സംസ്‌കാരം, ജീവിതോപാധി തുടങ്ങിയ മേഖലകളില്‍ അഭേദ്യമായ ബന്ധമുള്ളതിനാല്‍ വാഴയെ കല്പതരുവായി കണക്കാക്കുന്നു. 

വാഴയുടെ നാമകരണം

വാഴയുടെ പേരിനെ ചൊല്ലി വിവിധ അഭിപ്രായങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. ഏദന്‍തോട്ടത്തില്‍ ആദത്തിന് ഹവ്വ നല്‍കിയ വിലക്കപ്പെട്ട കനി ആപ്പിളല്ല വാഴപ്പഴമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ വിശ്വാസത്തിന്റെ സ്വാധീനത്തിലാണ് വിഖ്യാത ടാക്‌സോണമിസ്റ്റ് കാള്‍ ലിനയസ് വാഴയ്ക്ക് മ്യൂസ പാരഡൈസ് എന്ന് ശാസ്ത്രീയനാമം നല്‍കിയത്. പിന്നീട് അദ്ദേഹം വാഴയ്ക്ക് ജ്ഞാനികളുടെ ഭക്ഷണം എന്നര്‍ത്ഥമുള്ള മ്യൂസ സാപിയന്റം എന്ന പേര് നല്‍കി. 

വാഴയെന്ന ജീവനോപാധി

ലോകമെമ്പാടുമുള്ള ദരിദ്ര വിഭാഗങ്ങളുടെ നിലനില്‍പ്പിന് മുഖ്യാധാരമാണ് വാഴ എന്നുള്ളതുകൊണ്ട് ഇന്ത്യപോലൊരു രാജ്യത്തിന് വാഴ ഒരു സുപ്രധാന കാര്‍ഷിക വിളയാണ്. വര്‍ഷം മുഴുവനും കായ്ഫലം നല്‍കുവാന്‍ കഴിയുന്നു എന്ന പ്രത്യേകത വാഴയെ പ്രിയപ്പെട്ടതാക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്നേവരെ പട്ടിണി അറിഞ്ഞിട്ടില്ലാത്തതിന് കാരണം വാഴയാണ്. ചെറുകിട കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തിന്റെ 75 ശതമാനവും വാഴക്കൃഷിയില്‍ നിന്നാണെന്ന് വാഴപ്പഴ ഉത്പാദക രാജ്യങ്ങളില്‍ നടത്തിയ പഠനം വെളിവാക്കുന്നു.

വാഴ സംരക്ഷണത്തിന് നൂതന സങ്കേതങ്ങള്‍

വാഴ ഉത്പാദനത്തിന്റെ സാമ്പത്തികവശം മുന്‍നിര്‍ത്തി നിരവധി നൂതന സാങ്കേതിക വിദ്യകളാണ് വികസിപ്പിച്ചിട്ടുള്ളത്. വാഴയുടെ ജനിതക്കരുത്ത് വെളിപ്പെടുത്തുന്ന ജീനോടൈപിങ് സീക്വന്‍സിങ്, റീ സീക്വന്‍സിങ് തുടങ്ങിയവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ശാസ്ത്രീയമായി ശേഖരിക്കുന്ന വിവരങ്ങളോടൊപ്പം നേരിട്ട് കണ്ട് മനസ്സിലാക്കാവുന്ന ഗുണങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ മികച്ച ഗുണങ്ങളോടു കൂടിയ വാഴയിനങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. 

ജനിതക വാഴ: എന്തുകൊണ്ട് വേണ്ട?

ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങളാണുള്ളത്. ഒരു സസ്യത്തിന്റെ തനതായ ഗുണം നിലനിര്‍ത്തിക്കൊണ്ടു തന്നെ അഭിലഷണീയമായ നിരവധി ഗുണങ്ങള്‍ നിശ്ചയിക്കുന്ന ജീനുകളെ സസ്യങ്ങളിലേക്ക് കടത്തിവിട്ടാണ് ജനിതകവ്യതിയാനം സാധ്യമാക്കുന്നത്. ഇന്ത്യക്കാരുടെ മുഖ്യ ആഹാരമാണ് വാഴപ്പഴം. അതുകൊണ്ട് ജനിതകവ്യതിയാനം വരുത്തിയ വാഴയിനങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള ആശങ്ക ഏറെയാണ്. പ്രയോജനത്തേക്കാളധികം അപകടങ്ങളും ചിലവുകളുമാണ് ജനിതകവ്യതിയാനം സാധ്യമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തദ്ദേശീയമായ വാഴയിനങ്ങളെയാണ് ഇത് അധികമായി ബാധിക്കുന്നത്. ഇത്തരം ഇനങ്ങള്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകും. ജനിതകമാറ്റം വരുത്തിയ പഴങ്ങളില്‍ ബയോഫോര്‍ട്ടിഫിക്കേഷന്‍ അഥവാ പോഷക വിപുലീകരണം എന്ന പ്രക്രിയ നടക്കുന്നതിന്റെ ഫലമായി അളവില്‍ക്കൂടിയ പോഷകങ്ങള്‍ ശരീരത്തിലെത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. 

വാഴയുടെ ഭാവി

കീടങ്ങളും രോഗങ്ങളും കാരണം ലഭിക്കേണ്ടതിനേക്കാള്‍ കുറവാണ് ഇന്ന് വാഴയുടെ ഉല്പാദനം. ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ചെറുകിട കര്‍ഷകരെയാണ്. കമ്പോളാധിഷ്ഠിത ഇനങ്ങളും ഇറക്കുമതി ചെയ്ത ഇനങ്ങളും മാത്രം കൃഷിചെയ്യുന്നതിന് കര്‍ഷകര്‍ക്കുമേല്‍ വന്‍ സമ്മര്‍ദ്ദമാണ്. ഇത് ഒരു പരിധിവരെ വാഴയുടെ ഉല്പാദനമേഖലയെ തകര്‍ക്കുവാന്‍ കാരണമാകുന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് ഫീലിപ്പൈന്‍സ്, ഓസ്‌ട്രേലിയ, തായ്‌ലന്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന വാഴയിനങ്ങളുടെ വന്‍ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ആരംഭിച്ച മേള 21 ന് സമാപിക്കും. 

Share your comments