ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യൻ്റെ ജന്മദിനമായ നംവബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുകയാണ്. ഭാരതത്തിൽ ആനന്ദ് മാതൃക സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ ഡോ. വര്‍ഗീസ് കുര്യൻ പാലുല്‍പാദനത്തില്‍ ഭാരതത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.ക്ഷീരമേഖലയിലെ അദ്ദേഹത്തിൻ്റെ സേവനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനം കൂടിയെന്ന പ്രത്യേകതയും ക്ഷീരദിനത്തിനുണ്ട്.1921 നവംബര്‍ 26-ന് കോഴിക്കോട്ട് ജനിച്ച ഡോ. വര്‍ഗീസ് കുര്യന്‍ 1946 ഫിബ്രവരിയില്‍ ഡയറി എന്‍ജിനീയറിങ്ങില്‍ ബാംഗ്ലൂര്‍ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഒമ്പതുമാസത്തെ പരിശീലനം നേടിയ തോടെയാണ് ഇന്ത്യയിലെ ക്ഷീരകര്‍ഷകരുടെ ഉന്നമനം ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ വിപണി കീഴടക്കിയ അമുലിന്റെ വളര്‍ച്ചയില്‍ ഡോ. കുര്യന്റെ ദീര്‍ഘവീക്ഷണം പ്രധാന ഘടകമാണ്. ക്ഷീര മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന കര്‍ഷകര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കാന്‍ ഒട്ടേറെ നൂതന ആശയങ്ങള്‍ക്ക് അദ്ദേഹം രൂപം നൽകി.ഗുജറാത്ത് അമുല്‍ മാതൃക ലോകത്തിലെ ക്ഷീരകര്‍ഷകരുടെമുന്നില്‍ എന്നെന്നും വിസ്മയമാണ്. 2012 സപ്തംബറില്‍ മരിക്കുന്നതുവരെ ഡോ. കുര്യന്‍ ക്ഷീരവികസനരംഗത്ത് തന്റെ സേവനങ്ങള്‍ തുടര്‍ന്നു.
പാലുല്‍പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമാണ് ഭാരതത്തിനുളളത്. ലോകത്തെ മൊത്തം പാലുല്‍പാദനത്തില്‍ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ഡോ. വര്‍ഗീസ് കുര്യന്‍ ദീര്‍ഘ വീക്ഷണ ത്തോടെ നടപ്പിലാക്കിയ ധവള വിപ്ലവ പദ്ധതിയായ ഓപ്പറേഷന്‍ ഫ്ലഡ് മൂലമാണ്, ഈ വിജയഗാഥ കുറിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനം 2016-17 ല്‍ 165.4 മില്യണ്‍ ടണ്ണില്‍ നിന്ന് 2017-18 ല്‍ 176.35 മില്യന്‍ ടണ്ണിലേക്ക് വര്‍ധിച്ചിരിക്കുക യാണ്.6.6 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് രാജ്യം കൈവരിച്ചത്. പാലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിൽ പോലും മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പാലിൻ്റെ ഉപഭോഗത്തില്‍ നാം വളരെ പിന്നിലാണ് ഡോ.വര്‍ഗീസ് കുര്യന്റെ ഇച്ഛാശക്തിയും ദീര്‍ഘ വീക്ഷണവും കൊണ്ടാണ് ധവളവിപ്ലവത്തിന് തുടക്കം കുറിക്കുന്നതും, പാലുല്‍പാദനത്തില്‍ നാം വളരെ മുന്നിലെത്തിയതും. ഉല്‍പാദന വര്‍ധനയ്ക്കനുസരിച്ച് പാലിന്റെ ഉപഭോഗവും നമ്മുടെ രാജ്യത്ത് വര്‍ധിക്കേണ്ടതുണ്ട്.
കേരള സംസ്ഥാനം പാലുല്‍പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുമ്പോൾ പ്രളയം നമ്മുടെ ക്ഷീരമേഖലയെ തളര്‍ത്തിയെങ്കിലും വിവിധതരം ക്ഷീരവികസന പദ്ധതികൾ മൂലം പാലുല്‍പാദനം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്.കേരളത്തില്‍ സഹകരണ മേഖലയില്‍ 2016-17 ല്‍ 16.21 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിച്ച സ്ഥാനത്ത് 2017-18 ല്‍ 18.22 ലക്ഷം ആയി വര്‍ധിച്ചു. 12.43 ശതമാനം വര്‍ധനവുണ്ട്. അതായത് രാജ്യത്തെ വളര്‍ച്ചയുടെ ഏതാണ്ട് ഇരട്ടി വരും.നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പാലില്‍ നിന്നു തന്നെ വിപണി സാധ്യമാക്കുന്ന പാലുല്‍പന്നങ്ങള്‍ നിര്‍മിച്ച് വിറ്റഴിക്കുന്നത് വഴി മാത്രമേ ഡോ. വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത താഴെത്തട്ടിലുളള ക്ഷീരകര്‍ഷകരുടെ സാമ്പത്തിക ഭദ്രതയും ഉന്നമനവും സാധ്യമാകൂ.
Share your comments