
1. പി. എം. കിസാൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിനായി ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാൻ ഇനി ഒരു ദിവസം കൂടി മാത്രം; നാളെയാണ് അവസാന തീയതി. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷിഭൂമിയുടെയും ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനമാണ് കർഷക രജിസ്ട്രി. മുൻപ് കൃഷിഭവൻ വഴി മാത്രം സാധ്യമായിരുന്ന സംവിധാനം ഫാർമർ ലോഗിൻ വഴി സ്വന്തമായോ, അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ ചെയ്യാനുള്ള വെബ്‌സൈറ്റും ലഭ്യമാണ്. പി. എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര / സംസ്ഥാന കാർഷിക പദ്ധതി ആനുകൂല്യങ്ങളും സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനായി നിർബന്ധമായും ജൂലൈ 31 നു മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ അധിഷ്ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇന്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണീക്ക് ഐ.ഡി.കാർഡ് ലഭിക്കുന്നതാണ്. https://klfr.agristack.gov.in/farmer-registry-kl/#/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ രജിസ്‌ട്രേഷൻ ചെയ്യാനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471 2309122, 0471 2303990 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
2. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൃഗപരിപാലനത്തിലും കൃഷിരീതികളിലും താല്‍പര്യമുള്ളവര്‍ക്കായി പ്രാദേശികാടിസ്ഥാനത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പുല്‍കട വിതരണം, പാലും പാല്‍ ഉല്‍പന്നങ്ങളും, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്താല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, കാടപ്പക്ഷി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം നല്‍കുക. മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രസ്തുത മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍, കുറഞ്ഞത് 30 പേരെ സംഘടിപ്പിക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗാശുപത്രികള്‍, പദ്ധതിയുളള പഞ്ചായത്തുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലനം നടത്താനാവശ്യമായ ഹാള്‍ സൗകര്യം അപേക്ഷകര്‍ ഒരുക്കേണ്ടതാണ്. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ട്രെയിനിങ്ങ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍ - 2 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വഴിയോ ജൂലൈ 31-ാം തീയതി വൈകുന്നേരം നാലു മണിക്കകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 0497 2763473.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. അടുത്ത അഞ്ചു ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലാണ് ശക്തമായ കാറ്റ് തുടരുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റിന് സാധ്യതയെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ-കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി എട്ടര വരെ 2.9 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണാമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments