1. ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭ്യമാകും. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമായിരിക്കും മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭ്യമാകുന്നത്. നീല കാര്‍ഡ് ഉടമകള്‍ക്ക് അധികവിഹിതമായാണ് അരി അനുവദിക്കുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും. മുൻഗണനാവിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല. ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 4 ന് കെ സ്റ്റോർ പദ്ധതി പൂർത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. വൈവിധ്യമാർന്ന കൃഷിരീതികൾ അവലംബിക്കുവാൻ താൽപര്യമുള്ളവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുന്നതിനായി നവോത്ഥാൻ പദ്ധതിയുമായി സംസ്ഥാന കൃഷി വകുപ്പ്. കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി വിട്ടു നൽകുവാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ, ഹൈഡ്രോപോണിക്സ്, കൃത്യതാ കൃഷി, സംരക്ഷിത കൃഷി, കൂൺ കൃഷി, സംയോജിത കൃഷി തുടങ്ങിയ വൈവിധ്യമാർന്ന ഫാമിംഗ് രീതികൾ അവലംബിക്കുവാൻ താൽപര്യമുള്ള വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവർക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോത്ഥാൻ പദ്ധതിയുടെ മുഖ്യ ഉദ്ദേശം. ന്യൂ അഗ്രികൾച്ചർ വെൽത്ത് ഓപ്പർച്യൂണീറ്റീസ് ഡ്രൈവിങ് ഹോർട്ടികൾച്ചർ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് എന്നതാണ് നവോത്ഥാൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയും അഗ്രി ബിസിനസുമായി ബന്ധപ്പെടുത്തി ആകർഷകമായ വരുമാനം കർഷകർക്ക് ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ സാധിക്കും.
3. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളൊഴികെയുള്ള പതിനൊന്നു ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. മിതമായ മഴയാണ് ഗ്രീൻ അലേർട്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
Share your comments