ജൈവ പച്ചക്കറി കൃഷി ചെയ്ത് ഭൂമിയുടെ പച്ചപ്പ് തിരിച്ചുപിടിക്കാൻ, നീണ്ടൂരിനെ നല്ല ഓണമൂട്ടാൻ സഹകരികൾ റെഡി. 100 യൂണിറ്റുകളിലായി 10 ഏക്കറിൽ കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്ന ബാങ്കിന്റെ കണ്ണക്കുകൂട്ടൽ തെറ്റി. നീണ്ടൂർ സഹകരണബാങ്കിന്റെ 'നീണ്ടൂർ സഹകരണ ബാങ്ക് ജൈവ പച്ചക്കറി ഓണം 2017 ' എന്ന പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ച കർഷകർ എത്ര ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനും റെഡിയാണ്. 100 അല്ല 160 യൂണിറ്റുകളുമായി സഹകരികൾ എത്തി. 16 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനാണ് കർഷകർ താത്പര്യം കാട്ടിയത്. ഒരാൾ 10 സെൻറ് എന്ന് കണക്കുകൂട്ടിയിരുന്നിടത്ത് ഒന്നര ഏക്കറിൽ വരെ കൃഷി ചെയ്യാൻ തയ്യാറായി കർഷകർ വരുന്നു എന്നത് ഏറെ അത്ഭുതപ്പെടുന്നു. പത്ത് സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യാൻ താത്പര്യമുള്ള സഹകാരിയെ ഒരു യൂണിറ്റായി കണക്കാക്കി 100 യൂണിറ്റുകളിലായി 10 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നത്. കൃഷിക്ക് കൈതാങ്ങിന് ഒരാളുണ്ട് എന്നതാണ് കർഷകരെ കൃഷിയിലേക്ക് അടുപ്പിക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് സെക്രട്ടറിയും പ്രസിഡൻറും ഉൾപ്പെടുന്ന സംഘം കൃഷിസ്ഥലം പരിശോധന നടത്തി കൃഷിക്ക് യോഗ്യമാണോ എന്ന് ഉറപ്പു വരുത്തും. ആദ്യ ഘട്ടമായി
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ചൊവ്വാഴ്ച മുതൽ പരിശോധന നടത്തും.
യൂണിറ്റ് ഒന്നിന് ജൈവരീതിയിൽ മുളപ്പിച്ച പാവൽ, പടവലം, പയർ, വെണ്ട, വഴുതന, മുളക്, തക്കാളി എന്നീ ഏഴിനങ്ങളുടെ 100 തൈകളും 50 കി. ജൈവവളവും സൗജന്യമായാണ് കർഷകർക്ക് നൽകുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന വിളകൾ ഈ ഓണത്തിന് തിരുവോണ ചന്തയിലൂടെ സ്വന്തം നാട്ടുകാർക്ക് തന്നെ നൽകുകയാണ് ലക്ഷ്യം.
Share your comments