മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സീസണില്‍ സഞ്ചാരികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ്. എട്ടുലക്ഷത്തോളം സഞ്ചാരികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ 79 ശതമാനം വര്‍ധനയാണ് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നത്.
മൂന്നാറിലേക്കുള്ള റൂട്ടുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. പുതിയ പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ ക്രമീകരിക്കും. ഇരവികുളം ദേശീയ പാര്‍ക്കിലേക്ക് പ്രതിദിനം 2750 പേര്‍ക്കാണ് പ്രവേശനമെങ്കിലും ഇതില്‍ 40 ശതമാനം വര്‍ധന വരുത്തും.
സ്‌ട്രോബിലാന്തസ് കുന്തിയാന എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം. 12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പൂത്തത്.
കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.
Share your comments