ടൂറിസം മേഖലക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന നീലക്കുറിഞ്ഞി സീസണ്‍ അവസാന ഘട്ടത്തിലേക്ക്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ടൂറിസ്റ്റുകളാണ് നീലക്കുറിഞ്ഞി സന്ദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. രാജമലയില്‍ മാത്രം ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ആളുകള്‍ സന്ദര്‍ശിച്ചു. കൊളുക്കുമലയില്‍ ഡി.റ്റി.പി.സി സെന്റര്‍ മുഖേന അന്‍പതിനായിരത്തില്‍ അധികം ടൂറിസ്റ്റുകള്‍ എത്തിയിട്ടുണ്ട്. കൂടാതെ മറയൂര്‍, വട്ടവട മേഖലകളിലും ടൂറിസ്റ്റുകള്‍ നീലക്കുറിഞ്ഞി പൂക്കള്‍ ആസ്വദിക്കുന്നതിനായി എത്തി. ഇരവികുളം നാഷണല്‍ പാര്‍ക്ക്, കൊളുക്കുമല, വട്ടവട എന്നീ സ്ഥലങ്ങളിലാണ് കൂടുതലായി 12 വര്‍ഷത്തെ ഇടവേളയിലുണ്ടായ നീലക്കുറിഞ്ഞി പൂക്കാലം ഉണ്ടായത്. ടൂറിസം വകുപ്പും വനം വകുപ്പും ഇതര ഡിപ്പാര്‍ട്ട്‌മെന്റുകളും ഒട്ടേറെ നടപടികളാണ് നീലക്കുറിഞ്ഞി സീസണ്‍ മുന്‍പില്‍ കണ്ടുകൊണ്ട് നടപ്പിലാക്കിയത്. പഴയ മൂന്നാറിലെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട് പ്രധാനപ്പെട്ട പാര്‍ക്കിംഗ് ഏരിയ, ടിക്കറ്റ് കൗണ്ടര്‍എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ കുടിവെള്ളം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ നീലക്കുറിഞ്ഞി മൊബൈല്‍ ആപ്ലിക്കേഷന്‍ സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ സഹായകരമായിട്ടുണ്ട്. മൂന്നാറിലെ പബ്ലിക് ടോയ്‌ലറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ടൂറിസം വകുപ്പ് 30 ടോയ്‌ലറ്റുകളും 80 മൂത്രപ്പുരകളും മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി, മൂന്നാര്‍ ടൗണ്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇത് ടൂറിസ്റ്റുകള്‍ക്ക് വളരെ ഉപയോഗപ്രദമായിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വിവിധ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ നവീകരണം മൂന്നാറിന് വളരെ പ്രയോജനകരമായിട്ടുണ്ട്. പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാന്‍ സഹായിച്ചു. കെ.എസ്.ആര്‍.റ്റി.സിയും ടാക്‌സി വാഹനങ്ങളും ഇരവികുളത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഹൈഡല്‍ ടൂറിസം, പാര്‍ക്കിംഗ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട്, പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ തുടര്‍ന്നും ടൂറിസ്റ്റുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. നവംബര്‍ ആദ്യവാരത്തോടുകൂടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. ഹൈഡല്‍ പാര്‍ക്കില്‍ ആരംഭിച്ചിട്ടുള്ള പുഷ്പമേള ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്.
Share your comments