മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളുടെ വിളവ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വളപ്രയോഗരീതിയുമായി ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഇതുവഴി കിഴങ്ങുകളുടെ വിളവ് 20-25 ശതമാനം കൂട്ടാനാകും.
സൈറ്റ് സ്പെസിഫിക് ന്യൂട്രിയന്റ് മാനേജ്മെന്റ് (എസ്.എസ്.എന്‍.എം) എന്ന ഈ സാങ്കേതിക വിദ്യയാണിത്. ഓരോ പ്രദേശത്തെയും മണ്ണിന്റെ പ്രത്യേകത അറിഞ്ഞ് വളങ്ങളുടെ പോഷകങ്ങളുടെ തോത് നിശ്ചയിക്കാന്‍ ഇതു വഴി കഴിയും. ഇതിനായി 'ശ്രീ പോഷിണി' എന്ന പേരില്‍ മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്.
ഓരോ കര്‍ഷകന്റെയും തോട്ടത്തിലെയും മണ്ണിനും ചെടിക്കും ആവശ്യമായ വളത്തിന്റെ തോത് ഇതുവഴി കണക്കാക്കാന്‍ കഴിയും. സി.ടി.സി.ആര്‍.ഐയിലെ ശാസ്ത്രജ്ഞനായ ഡോ.ജി. ബൈജുവാണ് ഈ സാങ്കേതികവിദ്യയും ആപ്പും വികസിപ്പിച്ചത്.
ഈ ആപ് വഴി ഓരോ കിഴങ്ങു വിളയ്ക്കും കണക്കാക്കിയ പോഷകങ്ങള്‍ അടങ്ങിയ രാസവളങ്ങളും സി.റ്റി.സി.ആര്‍.ഐ വില്‍ക്കുന്നുണ്ട്. ഇതിനു പുറമെ വിവിധ കിഴങ്ങുവിളകള്‍ക്കായി അഞ്ച് സൂക്ഷ്മ മൂലക വള മിശ്രിതം ലായനി രൂപത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക വിദ്യ മധുരയിലെ ലിംഗ കെമിക്കല്‍സ് രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങി. ഈ ഉല്‍പന്നങ്ങള്‍ അവര്‍ മാര്‍ക്കറ്റിലെത്തിക്കും.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അഗ്രി ഇന്നോവേറ്റ് കമ്പനിയുടെ സഹായത്തോടെ സി. റ്റി. സി. ആര്‍. ഐ കൈമാറുന്ന ആദ്യത്തെ സാങ്കേതിക വിദ്യയാണിത്.
Share your comments