കൃഷി വകുപ്പും വാസുകി ഫാർമേഴ്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാർഷിക സെമിനാറും വാസുകിയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും കോലംമ്പറ്റ വാസുകി ഫാർമേഴ്സ് ഫാക്ടറി സമുച്ചയത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്റെ അദ്ധ്യക്ഷതയിൽ കൃഷിമന്ത്രി വി.എസ് സുനിൽകമാർ നിർവ്വഹിച്ചു. കർഷകർ സംരംഭകരായി മാറിയാൽ മാത്രമേ കൃഷിയിൽ വിജയം കൊയ്യാൻ സാധിക്കും എന്ന് കൃഷിമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ ഉല്പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട്. അതിനുകാരണം കർഷകരുടെ ഉൽപന്നങ്ങളുടെ വില നിർണയിക്കുന്നത് കമ്പനികളും കച്ചവടക്കാരുമാണ്. അതിനുപകരം കർഷകർ കാർഷിക വിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കർഷകർ തന്നെ വില തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴിൽ 50 പുതിയ കാർഷികോൽപ്പാദക കമ്പനികൾ രൂപീകരിക്കും. ഉല്പാദനത്തിലും സംഭരണത്തിലും മൂല്യവർദ്ധനവിലും വിപണനത്തിലും കർഷകരുടെ പൂർണ്ണ നിയന്ത്രണം ഉണ്ടാവുവന്നതിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് ഡയറക്ടർ വിജയൻ ചെറുകര, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ ,എസ് എച്ച് എം ഡെപ്യൂട്ടി ഡയറക്ടർ സാം മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി ചെയർമാൻ പി.ടി. രാജു, വിഷയാവതരണവും സി.ഇ.ഒ. ശ്രുതിൻ കുര്യാക്കോസ് റിപ്പോർട്ടവതരണവും നടത്തി. വൈസ് ചെയർമാൻ സജി കാവനക്കുടി സ്വാഗതവും കൃഷി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി.
Share your comments