<
  1. News

പ്രകൃതി വാതക വില നിർണയത്തിന് പുതിയ സംവിധാനം; ഗ്യാസ് വില കുറയും..കൂടുതൽ വാർത്തകൾ

പിഎൻജി, സിഎൻജി വില നിർണയത്തിനുള്ള ശുപാർശ കേന്ദ്രമന്ത്രി സഭായോഗം അംഗീകരിച്ചു

Darsana J

1. പ്രകൃതി വാതക വില നിർണയത്തിന് പുതിയ സംവിധാനം നടപ്പിലാക്കി കേന്ദ്രസർക്കാർ. പിഎൻജി, സിഎൻജി വില നിർണയത്തിനുള്ള ശുപാർശ കേന്ദ്രമന്ത്രി സഭായോഗം അംഗീകരിച്ചു. നിലവിൽ പ്രതിമാസം രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് ഗ്യാസ് വില നിശ്ചയിക്കുന്നത്. ഇതിനുമുമ്പ് രാജ്യാന്തര പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായി, 6 മാസത്തിലൊരിക്കലാണ് വില നിശ്ചയിച്ചിരുന്നത്. അടിസ്ഥാന വില 4 ഡോളറും, പരമാവധി വില 6.5 ഡോളറും ആയി നിശ്ചയിച്ചു. കാർഷിക, വാണിജ്യ മേഖലകളിൽ പുതിയ സംവിധാനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വാർത്തകൾ: കോഴി ഉൽപാദനം കുറഞ്ഞു; ഇറച്ചിക്ക് തീവില..കൂടുതൽ വാർത്തകൾ

2. കാട്ടാനശല്യം മൂലം ദുരിതത്തിലായ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. തൃശൂർ ജില്ലയിലെ മാട്ടുങ്ങൽ പ്രദേശത്തെ കുണ്ടുകുളം ബാബു, കോട്ടയിൽ കേശവൻ എന്നിവരുടെ കൃഷിയിങ്ങളാണ് മന്ത്രി സന്ദർശിച്ചത്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

3. ഉറവിട മാലിന്യസംസ്‌ക്കരണം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രി എംബി രാജേഷ്. വടക്കാഞ്ചേരി നഗരസഭയിൽ നിർമാണം പൂർത്തിയായ ഖരമാലിന്യ സംസ്‌കരണ പ്ലാന്റും ഡീവാട്ടേര്‍ഡ് കമ്പോസ്റ്റിംഗ് സിസ്റ്റവും മന്ത്രി നാടിന് സമര്‍പ്പിച്ചു. ദ്രവമാലിന്യ സംസ്‌ക്കരണത്തിനായി 4 കോടി രൂപയും മാലിന്യ കൂന നീക്കം ചെയ്യുന്നതിനായി 3.5 കോടി രൂപയും നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. മികച്ച മാലിന്യ സംസ്‌കരണ മാതൃക സൃഷ്ടിച്ച വടക്കാഞ്ചേരി നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.

4. പീച്ചി ശുദ്ധജല അക്വേറിയം പൊതുജനങ്ങൾക്കായി തുറന്നു. കൊവിഡ് പ്രതിസന്ധി മൂലം പൂട്ടിയ ശുദ്ധജല അക്വേറിയമാണ് ഏറെ പുതുമകളോടെ വീണ്ടും തുറന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നവീകരിച്ച അക്വേറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അലങ്കാര മത്സ്യങ്ങളുടെ പ്രദർശനത്തിന് പുറമേ നാടൻ മത്സ്യങ്ങളുടെ പ്രദർശനവും അക്വേറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

5. ചൂടുകാലത്ത് ആശ്വാസമായി വാട്ടർ എടിഎം സ്ഥാപിച്ച് പഴയന്നൂർ ഗ്രാമ പഞ്ചായത്ത്. പഴയന്നൂർ ബസ് സ്റ്റാൻഡിൽ നിർമ്മിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ നിർവ്വഹിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും അഞ്ചു രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ സാധാരണ വെള്ളവും വാട്ടർ എടിഎം വഴി പൊതുജനങ്ങൾക്ക് ലഭിക്കും.

6. എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയ്ക്ക് പാലക്കാട് ജില്ലയിൽ തിരിതെളിഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആലത്തൂർ കൃഷി ഓഫീസ് ഫാമിൽ നിന്നുള്ള പച്ചക്കറി വിത്തുകൾ നൽകിയാണ് മന്ത്രിമാരെ സ്വീകരിച്ചത്.

7. ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തലയിലെ മെഗാഫുഡ് പാർക്ക്. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ് മെഗാ ഫുഡ് പാർക്ക് യാഥാർഥ്യമായത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരശും ചേർന്ന് ഈമാസം 11ന് മെഗാഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യും. മത്സ്യ-ഭക്ഷ്യ-സംസ്‌ക്കരണ മേഖലകൾക്ക് പ്രാധാന്യം നൽകി നിർമിച്ച പാർക്ക് പ്രവർത്തനക്ഷമമാകുമ്പോൾ 1000 കോടി രൂപയുടെ നിക്ഷേപവും, 3000ത്തോളം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

8. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേൽ കൃഷി രീതികൾ നടപ്പിലാക്കുന്ന പദ്ധതികൾക്ക് കേരളത്തിൽ തുടക്കമായി. ഇസ്രായേലിൽ കൃഷി പരിശീലനത്തിന് പോയ കർഷകർ നൂതന കൃഷി രീതികൾ കേരളത്തിലെ മണ്ണിൽ പരീക്ഷിക്കും. ചേർത്തലയിൽ സംഘടിപ്പിച്ച പരിപാടിയിൽ 1000 ടിഷ്യുകൾച്ചർ വാഴകൾ നട്ടുകൊണ്ട് കൃഷി മന്ത്രി പി പ്രസാദ് പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടാതെ, മറ്റ് കർഷകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

9. 1 കിലോയ്ക്ക് 85,000 രൂപ വിലയുള്ള പച്ചക്കറി. അതിശയിക്കേണ്ട, ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറിയുടെ പേരാണ് ഹോപ് ഷൂട്ട്സ് . യൂറോപ്യൻ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലുമാണ് ഇത് സാധാരണ വളർത്തുന്നത്. കളകൾ പോലെ തോന്നുന്ന ഇതിന്റെ ചെടിയ്ക്ക് ഏകദേശം 20 വർഷം വരെ ആയുസുണ്ട്. ഇന്ത്യയിൽ ഇത് കൃഷി ചെയ്യാറില്ല. ഇതിന്റെ വിളവെടുപ്പിന് മൂന്ന് വർഷമെങ്കിലും വേണം.

10. കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: New system for natural gas pricing will reduce gas prices in india

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds