News

നൂതന സാങ്കേതിക വിദ്യയും തൊഴിലധിഷ്ഠത  കോഴ്‌സുകളുമായി ഫിഷറീസ് സർവ്വകലാശാല

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ആശ്രാമം മൈതാനത്ത് നടത്തിയ നവകേരളം 2018 പ്രദര്‍ശന മേളയില്‍ 24-ാം തീയതി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) ഒരു ഏകദിന ശില്പശാല നടത്തുകയുണ്ടായി. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ശില്പശാല ഉദ്ഘാടനം ചെയ്തു. കുഫോസ് വൈസ് ചാന്‍സിലര്‍ ഡോ. എ.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 

മത്സ്യ കൃഷി വ്യാപനം കൂടുതല്‍ തൊഴില്‍ അവസരവും സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആസൂത്രിതമായ പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഭാഗമായി 2010 ല്‍ ഏഷ്യയിലെ തന്നെ സുപ്രധാന സര്‍വ്വകലാശാലകളിലൊന്നായ  ഫിഷറീസ് സര്‍വ്വകലാശാല കൊച്ചിയില്‍ തുടങ്ങിയതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. എല്ലാ നെല്‍വയലുകളിലും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുകവഴി ഒരു നെല്ലും ഒരു മീനും എന്ന പദ്ധതി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി പറഞ്ഞു. 

വിജ്ഞാന വ്യാപന മേധാവി ഡോ. ഡെയ്‌സി ഡി.കാപ്പന്‍ മത്സ്യ മേഖലയിലെ കര്‍ഷകര്‍ക്കായി ഫിഷറീസ് സര്‍വ്വകലാശാല രൂപപ്പെടുത്തിയ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി. ഇതില്‍ ശുദ്ധജല മത്സ്യ കൃഷി, ഓരുജല മത്സ്യകൃഷി, അക്വാപോണിക്‌സ്, ബെന്നാമീന്‍ ചെമ്മീന്‍കൃഷി, സംയോജിത മത്സ്യ കൃഷി, അലങ്കാര മത്സ്യകൃഷി, മത്സ്യ കൂട് കൃഷി, വളപ്പ് കൃഷി എന്നിവയ്ക്ക് സര്‍വ്വകലാശാല കര്‍ഷകര്‍ക്ക് നല്‍കുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി. ഇതോടൊപ്പം കര്‍ഷക ശാസ്ത്രജ്ഞ സംവാദത്തിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍, ഗ്രാമം ദത്തെടുക്കല്‍ പദ്ധതികള്‍, കാളാഞ്ചി കരിമീന്‍ കൃഷി രീതികള്‍, ആദിവാസി മേഖലകള്‍ക്കുള്ള പരിശീലന പദ്ധതികള്‍, മത്സ്യത്തീറ്റകള്‍, ചൈനീസ് ഹാച്ചറി, ജാര്‍ ഹാച്ചറി, ആറ്റുകൊഞ്ച്, ഗിഫ്റ്റ് തിലാപ്പിയ കൃഷി എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. കര്‍ഷകര്‍ക്ക് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയതിന്റെ പ്രാധാന്യത്തെക്കുറിച്ച് മത്സ്യ സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണവും ഇവിടെ പരാമര്‍ശിച്ചു. 

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണമുള്ള ഈ സര്‍വ്വകലാശാലയില്‍ ഫിഷറീസ് മേഖലയിലെ പ്രൊവിഷണല്‍ കോഴ്‌സുകളായ അക്വാ കള്‍ച്ചര്‍, ഫിഷ് പ്രോസസിംഗ്, ഫിഷ് ബയോ ടെക്‌നോളജി, നൂതന കോഴ്‌സുകളായ റിമോട്ട് സെന്‍സിംഗ്, എര്‍ത്ത് സയന്‍സ്, മൈക്രോ ബയോളജി തുടങ്ങിയവ തെരഞ്ഞെടുക്കുന്നതിനുള്ള വഴികളും രാജ്യാന്തര തലങ്ങള്‍ വരെയുള്ള തൊഴില്‍സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സെമിനാറില്‍ ക്ലാസ്സെടുത്തവര്‍ വിശദമാക്കി. ഫിഷറീസ് അധിഷ്ഠിത കോഴ്‌സുകളെക്കുറിച്ച് ഡീന്‍ ഡോ. രാജുവും, സമുദ്ര പഠന കോഴ്‌സുകളെക്കുറിച്ച് ഡോ. സുരേഷ്, ഡോ. സൂര്യകലയും, ഫിഷറീസ് സമുദ്ര പഠന വിദ്യാഭ്യാസ തൊഴില് മേഖലാ സംരംഭക സാദ്ധ്യതകളെക്കുറിച്ച് ഡോ. റാഫിയും ക്ലാസ്സുകള്‍ എടുത്തു.

പഠനത്തോടൊപ്പം സമ്പാദ്യവും കൃഷിഭൂമിയില്‍ ലബോറട്ടറി എന്ന പഠനാവിഷ്‌ക്കാരവും ഈ സര്‍വ്വകലാശാലയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ എല്ലാ ഗവേഷണ സ്ഥാപനങ്ങളിലും  ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. അതോടൊപ്പം ഇവിടെ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗവണ്‍മെന്റ് പ്രൈവറ്റ് മേഖലകളില്‍ ധാരാളം അവസരം ഉണ്ടായതിനാല്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്നു എന്ന് സെമിനാറില്‍ ക്ലാസ്സെടുത്ത ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. വളരെ പ്രാധാന്യം അര്‍ഹിച്ച ഈ സെമിനാറില്‍ കൊല്ലം ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.റ്റി.സുരേഷ്‌കുമാറും, ഫിഷറീസ് വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share your comments