തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നൂതന സാങ്കേതിക പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ആത്മ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച കേദാരം 2017 സാങ്കേതിക വിജ്ഞാന സംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകനെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പുതിയ കാര്‍ഷിക രീതികളും ശാസ്ത്രീയമായ കൃഷി രീതികളും നടപ്പാക്കുക, ജീവന്‍റെ ആധാരമായ പ്രകൃതിയെ തിരിച്ചുകൊണ്ടുവരിക, പ്രകൃതിയുടെ മൂലധനം സംരക്ഷിക്കുക, തരിശുനിലങ്ങള്‍ കൃഷി ചെയ്യുക തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കര്‍ഷകര്‍ ഉപേക്ഷിച്ച് പാഴായികിടക്കുന്ന ട്രാക്ടര്‍, ടില്ലര്‍, തുടങ്ങിയവ കണ്ടെത്തി കാര്‍ഷിക കര്‍മസേനയുടെ കീഴില്‍ കൊണ്ടുവന്ന് അഗ്രോക്ലിനിക്ക് സമ്പ്രദായം നടപ്പാക്കും. 2018ഓടുകൂടി സംസ്ഥാനത്ത് കാര്‍ഷിക കര്‍മസേന രൂപീകരിക്കും. 500 അഗ്രോക്ലിനിക്കുകളും 1000 ഗ്രാമചന്തകളും ഈ വര്‍ഷം ആരംഭിക്കും. മൊബൈല്‍ വിപണന യൂണിറ്റുകളിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കും. വിള ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയെ സമ്പന്നമാക്കുക എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യത്തിലൂടെ സംസ്ഥാനത്ത് കൃഷിയും കാര്‍ഷിക സംസ്കാരവും തിരിച്ചുകൊണ്ടുവരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പുതുതലമുറയ്ക്ക് വിഷാംശമില്ലാത്ത ഭക്ഷണവും പച്ചക്കറികളും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന കാര്‍ഷിക പ്രദര്‍ശനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച സംയോജിത കര്‍ഷകരെ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ആദരിച്ചു.
കൃഷി വകുപ്പ് ഡയറക്ടര്‍ എം.എം.സുനില്‍കുമാര്‍, അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ടീച്ചര്‍, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, റ്റി.മുരുകേഷ്, ബി. സതികുമാരി, അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷൈനി ഇസ്രയേല്‍, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ വിനോജ് മാമ്മന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എലിസബത്ത് ഡാനിയേല്‍, ഡോ.വി.ആര്‍.ഷാജഹാന്‍, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.പി.റോബര്‍ട്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, വിക്ടര്‍ ടി.തോമസ്, അലക്സ് കണ്ണമല, മുക്കല്‍ ശ്രീകുമാര്‍, മാത്യൂസ് ജോര്‍ജ്, പഴകുളം പടിഞ്ഞാറ് ക്ഷീരസംഘം പ്രസിഡന്‍റ് പി.ബി.ഹര്‍ഷകുമാര്‍, ഏഴംകുളം അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് ഡി.സജി, അടൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് ഏഴംകുളം അജു, പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രം കൃഷി ഓഫീസര്‍ ജെ.സജീവ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments