
1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറും.
2. കാർഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യം വച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാർബൺ ബഹിർഗമനം കുറിക്കുന്നത് ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ച് നേമം കൃഷി ഭവൻ. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം നഗരസഭ വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷാജിത നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്ത് കൃഷി സമൃദ്ധി പദ്ധതിൽ ആദ്യഘട്ടമായി തിരഞ്ഞെടുത്ത 107 പഞ്ചായത്തുകളിൽ ഒന്നായ നേമം കൃഷി ഭവൻ കതിർ ആപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിലൂടെ സമഗ്രമായ വിവരശേഖരണം നടത്തിയാണ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്.
3. സംസ്ഥാനത്ത് വേനൽമഴ തുടരുന്നു. അടുത്ത അഞ്ചു ദിവസങ്ങളിലും മഴ തുടരുമെങ്കിലും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം പലയിടങ്ങളിലും ഉയർന്ന തോതിലും ഇടുക്കി -മൂന്നാർ, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Share your comments