കൃഷി ജാഗരണും ഐ.സി.എ.ആറും ചേർന്ന് സംഘടിപ്പിച്ച് മഹീന്ദ്ര ട്രാക്ടേഴ്‌സ് സ്പോൺസർ ചെയ്തു നടത്തിയ 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്‌സ്' (എം.എഫ്.ഒ.ഐ) 2024 ലെ ‘റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ’ ബഹുമതിയ്‌ക്ക് നിതുബെൻ പട്ടേൽ അർഹയായി. സുസ്ഥിരകൃഷിയിലും സ്ത്രീശാക്തീകരണത്തിലും അവർ കൈവരിച്ച പ്രഗത്ഭമായ നേട്ടങ്ങളുടെ മഹത്തായ അംഗീകാരമാണ് ഈ അവാർഡ്. 2024 ഡിസംബർ 3-ന്, ഡൽഹിയിലെ പൂസയിൽ ഐ.എ.ആർ.ഐ മേള ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ കൈയിൽ നിന്നും നിതുബെൻ പട്ടേൽ പുരസ്‌കാരം ഏറ്റുവാങ്ങി. അവാർഡുദാന ചടങ്ങിൽ കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം. സി. ഡൊമിനിക്, മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്, മഹീന്ദ്ര ഫാം ഡിവിഷൻ മാർക്കറ്റിംഗ് വിഭാഗം തലവൻ ഉജ്ജ്വൽ മുഖർജി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും സന്നിഹിതരായിരുന്നു.
റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ അവാർഡ് 2024:
കൃഷി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കുന്ന പ്രധാന മേഖല മാത്രമല്ല, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധിയുടെ ഉറവിടം കൂടിയാണ്. എന്നാൽ, സാങ്കേതിക മാറ്റങ്ങൾ കാർഷികമേഖലയിൽ വേഗത്തിൽ നടപ്പിലാകുന്ന ഈ കാലഘട്ടത്തിൽ, പരമ്പരാഗത രീതികൾ മാറ്റി വച്ച്, നൂതന കൃഷിരീതികളിലൂടെ മികച്ച നേട്ടങ്ങളിലേക്ക് ഉയർന്ന ചില കർഷകരുണ്ട്. ഗുജറാത്ത് സ്വദേശി നിതുബെൻ പട്ടേൽ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. കൃഷിയിൽ സുസ്ഥിരമായ രീതികളും നൂതനമായ ആവിഷ്കാരങ്ങളും കൊണ്ടുവന്ന്, നിതുബെൻ കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കൂടാതെ പാരമ്പര്യമായി പുരുഷന്മാർ അധികാരം സ്ഥാപിച്ചിരുന്ന ഇന്ത്യൻ കാർഷിക രംഗത്ത്, നിതുബെൻ പട്ടേലിന്റെ ഈ നേട്ടം പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും മറ്റു സ്ത്രീകൾക്ക് പ്രചോദനമാകുകയും ചെയ്യുമെന്നതിൽ സംശയമില്ല.
കാർഷികമേഖലയിലെ മികവിന്റെ മേള
കൃഷി ജാഗരൺ സംഘടിപ്പിച്ച എം.എഫ്.ഒ.ഐ അവാർഡ്സ് 2023 ന്റെ വിജയകരമായ മേളയുടെ രണ്ടാം സീസണാണ് ഡിസംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ പൂസ, IARI മേള ഗ്രൗണ്ടിൽ അരങ്ങേറിയത്. കൃഷി ജാഗരണൊപ്പം ഐ.സി.എ.ആറും ചേർന്നാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള കർഷകരെ ഒരേ വേദിയിലെത്തിക്കുകയും അവരെ ആദരിക്കുകയും ചെയ്യുക എന്നതാണ് MFOI യുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22,000-ലധികം നാമനിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 400-ലധികം കർഷകർക്കാണ് ഇത്തവണത്തെ മേളയിൽ ബഹുമതികൾ ലഭിച്ചത്.
നിതുബെൻ പട്ടേലിന്റെ വിജയത്തിന്റെ അടിത്തറ "സജീവൻ"
ബാല്യകാലം മുതൽക്കേ തുടങ്ങിയതാണ് നിതുബെൻ പട്ടേലിന് കൃഷിയോടുള്ള താൽപര്യം. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം, അവർ "സജീവൻ" എന്ന പേരിൽ ഒരു ഓർഗാനിക് ഫാമിംഗ് സംരംഭം ആരംഭിച്ചു. വിജയഗാഥകൾ രചിച്ച് "സജീവൻ" ഇന്ന് 10,000 ഏക്കർ ഭൂമിയിൽ സുസ്ഥിര കൃഷി നടത്തുന്ന ഒരു മാതൃകാ സംരംഭമായിത്തീർന്നിട്ടുണ്ട്. രാജ്യത്ത് മാത്രമല്ല രാജ്യാന്തര വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന 250-ലധികം ജൈവ ഉൽപന്നങ്ങളാണ് സജീവനിൽ ഉത്പാദിപ്പിക്കുന്നത്. അമൃത് മണ്ണ് (AMRUT MITTI), അമൃത് ജലം (AMRUT JAL) എന്നിവ ഈ ഉത്പന്നങ്ങൾ വളർത്തുന്നതിന് ഉപയോഗിക്കുന്നു, ഇത് മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ഭക്ഷ്യ ഉത്പന്നങ്ങളിലെ പോഷക ഘടകങ്ങളുടെ ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്നു.
സ്ത്രീകൾക്കുള്ള പ്രചോദനം
നിതുബെൻ പട്ടേലിന് കൃഷി ഒരു ബിസിനസ്സ് മാത്രമല്ല, മറിച്ച് ഒരു സാമൂഹ്യ സേവനം കൂടിയാണ്. സ്ത്രീകളെ നൂതന കൃഷിയുടെ മാർഗ്ഗങ്ങൾ പഠിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കുന്നതിനായുള്ള നിരവധി പദ്ധതികൾക്കും അവർ തുടക്കമിട്ടു. സ്ത്രീകളെ കാർഷിക മേഖലയിൽ കൂടുതൽ ഉൾപ്പെടുത്താനും ശാക്തീകരിക്കാനും ഈ പദ്ധതികൾ സഹായകരമായി.
തന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് അയ്യായിരത്തിലധികം കർഷകരെ പ്രകൃതി കൃഷിയുടെ ഗുണങ്ങളെയും സാങ്കേതികതകളെയും കുറിച്ച് ബോധവാന്മാരാക്കാനും നിതുബെൻ പട്ടേലിന് സാധ്യമായി. ഇതോടൊപ്പം 10,000 ഏക്കർ ഭൂമി ജൈവകൃഷിയിലേക്ക് മാറ്റിയ നിതുബെൻ ഉത്പാദനക്ഷമത വർധിപ്പിക്കുക മാത്രമല്ല പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
വെള്ളിവെളിച്ചത്തിൽ ഒരു നേട്ടം
നിതുബെൻ പട്ടേലിന്റെ അസാധാരണമായ നേട്ടം, അവരുടെ പേര് രാജ്യത്തിന്റെ കാർഷിക ചരിത്രത്തിൽ അനശ്വരമാക്കിയിരിക്കുകയാണ്. കാർഷികരംഗത്ത് തങ്ങളുടേതായ മുഖമുദ്ര പതിയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് 'റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ' എന്ന ബഹുമതി.
പ്രചോദനവും ഭാവിയും
നിതുബെൻ പട്ടേലിൻ്റെ കഥ കാർഷിക മേഖലയിലെ സ്ത്രീകൾക്ക് മാത്രമല്ല, രാജ്യത്തിനാകെ പ്രചോദനമായി മാറിയിരിക്കുന്നു. ഒരാൾക്ക് തന്റെ ജോലിയിൽ അഭിനിവേശമുണ്ടെങ്കിൽ, ശരിയായ ദിശയിൽ കഠിനാധ്വാനം ചെയ്താൽ, ഒരു ബുദ്ധിമുട്ടും തടസ്സമാകില്ലെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. കൃഷിയിൽ പുതുമയും സമർപ്പണവും ശരിയായ മാർഗനിർദേശവും ഉണ്ടെങ്കിൽ ബിസിനസ്സിൽ വിജയം മാത്രമല്ല, സമൂഹത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നതും തന്റെ ജീവിതത്തിലൂടെ നിതുബെൻ വരച്ചു കാട്ടിയിരിക്കുകയാണ്. നിതുബെൻ പട്ടേൽ കാണിച്ചുതന്ന ഈ പാത പിന്തുടരുന്നതിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് അവരുടെ വരുമാന മാർഗം കണ്ടെത്താൻ മാത്രമല്ല, സമൂഹത്തിനാകെ പ്രചോദനമാകാനും കഴിയും. ശരിയായ അവസരങ്ങളും മാർഗനിർദേശങ്ങളും ലഭിച്ചാൽ കാർഷികമേഖലയിൽ സ്ത്രീകൾക്ക് വലിയ സാധ്യതകളുണ്ടെന്ന് തന്റെ വിജയത്തിലൂടെ അവർ തെളിയിച്ചു. നിതുബെൻ പട്ടേലിന്റെ ജീവിതം, കൃഷിയുടെ നൂതനമായ സാധ്യതകളെ വിശദീകരിക്കുന്ന ഒരു പ്രചോദനാത്മക പാഠപുസ്തകം കൂടിയാണ്.
Share your comments