കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് വിപുലമായ ആസൂത്രണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്
ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല അഭിവൃദ്ധി കൈവരിക്കുമ്പോള്‍ അതിന്റെ ഭാഗമായുണ്ടാകുന്ന ഉത്പാദന വര്‍ധനവ് കൃത്യമായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ട സംവിധാനങ്ങളും ഒരുക്കും. കൃഷി വകുപ്പിനു പുറമെ, തദ്ദേശ സ്ഥാപനങ്ങളും സഹകരണ വകുപ്പും വ്യവസായ വകുപ്പും ഇതില്‍ പങ്കുചേരും.
ഉത്പാദന വര്‍ധനവിന് ആധുനിക, ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന നിരവധി കര്‍ഷകര്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. പുതിയതായി നിരവധി ചെറുപ്പക്കാര്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നത് ശുഭസൂചനയാണ്. കോവിഡ് കാലത്ത് സര്‍ക്കാരിന്‍റെ ആഹ്വാനം സ്വീകരിച്ച് ആയിരക്കണക്കിനാളുകള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ തയ്യാറായി. ഇത് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷരഹിതമായ ഭക്ഷണത്തിന് ആത്മാർഥ പരിശ്രമം വേണം പി. പ്രസാദ്
ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ വച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കൃഷിമന്ത്രി പി. പ്രസാദ് പരിപാടിയുടെ അധ്യക്ഷനായിരുന്നു. ഞങ്ങളും കൃഷിയിലേക്ക് വിപുലമായ ജനകീയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഒരിഞ്ചു മണ്ണുപോലും വെറുതെയിടാതെ നമുക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ആത്മാർഥ പരിശ്രമം എല്ലാവരും നടത്തേണ്ടിയിരിക്കുന്നുവെന്ന് കൃഷി മന്ത്രി വ്യക്തമാക്കി.
കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കാനാകുമെന്ന് സജി ചെറിയാന്‍
കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ പദ്ധതി ഉപകരിക്കുമെന്ന് ചടങ്ങില്‍ തൈ വിതരണം ഉദ്ഘാടനം ചെയ്ത ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ഞങ്ങളും കൃഷിയിലേക്ക്…
സുരക്ഷിത ഭക്ഷണമാണ് ആരോഗ്യത്തിന് അടിസ്ഥാനം എന്ന സന്ദേശത്തിലൂടെ മുഴുവൻ കേരളീയരെയും കൃഷിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥായിയായ കാർഷികമേഖല സൃഷ്‌ടിക്കുക, ഭക്ഷ്യ സ്വയംപര്യാപ്‌തത, കാർഷികമേഖലയിൽ മൂല്യവർധനയിലൂടെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കൽ, സുരക്ഷിതഭക്ഷണം ലഭ്യമാക്കൽ, കാലാവസ്ഥയെയും മണ്ണിനെയും സമ്പുഷ്‌ടമാക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 10,000 കൃഷിക്കൂട്ടങ്ങൾ, 10,000 ഹെക്‌ടറിൽ ജൈവകൃഷി, മൂല്യവർധനകൃഷി, മൂല്യവർധന സംരംഭങ്ങൾ, 140 ഹരിത പോഷക കാർബൺ തുലിത ഗ്രാമങ്ങൾ എന്നിവ പദ്ധതികളിലെത്തും.
എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മീഷണറുമായ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഹോർട്ടികോർപ്പിന്റെ കുടിശ്ശികയ്ക്ക് 3 കോടി രൂപ അനുവദിച്ചു, മാർച്ച് 31ന് മുൻപ് നൽകുമെന്ന് കൃഷി മന്ത്രി
എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍, കൃഷി വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗര്‍ പാഷ, കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, കര്‍ഷക പ്രതിനിധി തോമ ആന്റണി, മറ്റ് ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments