‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും പങ്കെടുത്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാർഷിക സമൃദ്ധിയിലേക്ക് തിരികെ പോകാൻ കഴിയുമെന്നും ഭാവിയിൽ ഒരിഞ്ച് ഭൂമി പോലും നികത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ:കാർഷിക ഉപകരണങ്ങൾക്ക് സാമ്പത്തിക സഹായം: പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഒരു പഞ്ചായത്തില്‍ ഒരു ഉല്‍പന്നം എന്ന രീതിയിലേക്ക് എത്തണം. കുടുംബശ്രീ വഴി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മികച്ച കച്ചവട സാധ്യതകളിലൂടെ വിദേശത്തടക്കം വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരിഞ്ച് ഭൂമി പോലും തരിശിടില്ലെന്ന് ഉറപ്പു വരുത്താന്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ സാധിക്കും. അധികം വരുന്ന കാര്‍ഷിക ഉൽപന്നങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ കൂടുതലായി നിർമിക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതില്‍ മാത്രമായി ഒതുങ്ങി നിൽക്കരുത്, മറിച്ച് തൊഴില്‍ ദാതാവായി (Employer) മാറണം. ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതി സര്‍വേയിലൂടെ തൊഴിലന്വേഷകരായി ഏകദേശം 60 ലക്ഷത്തോളം പേരെ കണ്ടെത്തി. ഇതില്‍ 15നും 35നും ഇടയില്‍ പ്രായമുള്ള 35 ലക്ഷത്തോളം ആളുകളെ എത്രയും വേഗം തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരു വാര്‍ഡില്‍ ഒരു ഉദ്യോഗാര്‍ഥി എന്ന നിലയിലാണ് തൊഴില്‍ ലഭ്യമാക്കും.
മാത്രമല്ല ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയിലൂടെ 80 ശതമാനത്തോളം സംരംഭകരെ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമാണ്. ചില ഉദ്യോഗസ്ഥർ ഫയലുകളില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മൂന്നുവര്‍ഷത്തിലധികം ആരെയും ഒരേ സ്ഥാനത്ത് തന്നെ തുടരുന്നത് അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് സംസ്ഥാനത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാനും നല്ല ആരോഗ്യവും തൊഴിലവസര സൃഷ്ടിയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
10,000 കൃഷി കൂട്ടങ്ങളായിരുന്നു ലക്ഷ്യമെങ്കിലും ഇതിനകം 25,000 കൃഷിക്കൂട്ടങ്ങള്‍ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. സംഭരണം (Storage), സംസ്‌കരണം (Processing), വിപണനം (Marketing) എന്നിവയ്ക്ക് ഏകീകൃത ശൃംഖല കൊണ്ടുവരുന്നത് ചിന്തയിലുണ്ട്. ഓരോ കൃഷി ഭവന്‍ കേന്ദ്രീകരിച്ചും ഓരോ ഉല്‍പന്നം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Share your comments