സംരംഭങ്ങൾക്കായി നോർക്ക റൂട്ട്‌സ് കാനറ ബാങ്കുമായി ചേർന്ന് വായ്പാ മേള നടത്തുന്നു.
പ്രവാസി സംരംഭങ്ങൾക്കായി നോർക്ക റൂട്ട്‌സ് കാനറ ബാങ്കുമായി ചേർന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവർക്ക് കോഴിക്കോട് മേളയിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസിൻ്റെ ഭാഗമായിട്ടാണ് വായ്പ മേള സംഘടിപ്പിക്കുന്നത്. സംരംഭകർക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റായ www.norkaroots.org വഴി ഓഗസ്റ്റ് 20 വരെ അപേക്ഷ നൽകാവുന്നതാണ്.
1. കർഷകർക്ക് ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പ്പകൾക്കാണ് പലിശ ഇളവ് നൽകുന്നത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. 2022-23 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷത്തേക്കാണ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്നും, കർഷകർക്ക് ഹ്രസ്വകാലത്തേക്ക് വായ്പ നൽകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.
2. പ്രവാസി സംരംഭങ്ങൾക്കായി നോർക്ക റൂട്ട്‌സ് കാനറ ബാങ്കുമായി ചേർന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവർക്ക് കോഴിക്കോട് മേളയിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസിൻ്റെ ഭാഗമായിട്ടാണ് വായ്പ മേള സംഘടിപ്പിക്കുന്നത്. സംരംഭകർക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റായwww.norkaroots.orgവഴി ഓഗസ്റ്റ് 20 വരെ അപേക്ഷ നൽകാവുന്നതാണ്. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകളാണ് നൽകുന്നത്. ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക്1 8 0 0 - 4 2 5 3 9 3 9 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
3. കാബോദ് ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ആറ്റുപുറം സിഎസ്ഐ ചർച്ചിനു സമീപം 10 സെൻ്റ് നിലം കൃഷിയോഗ്യമാക്കി.മുൻ വാർഡ് മെമ്പറും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ അഡ്വ ടി മോഹനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് സത്യ ദാസ് തോമസ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടീൽ വാർഡ് മെമ്പർ ബിജി കുമാരി നിർവഹിച്ചു.
4. വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിൻ്റേയും കൃഷിഭവൻ്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബത്തിൻ്റെ ആരോഗ്യത്തിന് വേണ്ടി പച്ചക്കറി കൃഷി വീടുകളിൽ തുടങ്ങണമെന്നും, രോഗങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറികളുടെ പ്രധാന്യം മനസിലാക്കി കുട്ടികളെയും കൃഷിയുടെ ഭാഗമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് എഡിഎ മാത്യു എബ്രഹാം കാര്‍ഷിക ചര്‍ച്ചാ ക്ലാസ് നയിച്ചു.
5. വിദ്യാര്‍ഥികളും കൃഷിയിലേക്ക് എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി അജിത് കുമാര്‍ അധ്യക്ഷനും, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.പി ഓമന മുഖ്യാതിഥിയും ആയി. സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാവരും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത്, ജില്ലയിലെ സ്‌കൂളുകളില്‍ കൃഷി പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുകയാണ് ലക്ഷ്യം. സ്‌കുളുകള്‍ക്ക് ആവശ്യമായ പച്ചക്കറിയില്‍ ഒരു ഭാഗം സ്‌കൂളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ ശ്രമിക്കും. ആദ്യ ഘട്ടം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കുളുകളിലും, രണ്ടാം ഘട്ടത്തില്‍ മറ്റ് സ്‌കുളുകളിലും കൃഷി ആരംഭിക്കും. സ്‌കൂളുകള്‍ക്ക് ആവശ്യമായ സഹായം ജില്ലാ പഞ്ചായത്ത് നല്‍കും.
6. നരിക്കുനി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പന്നിക്കോട്ടൂർ തോൽപാറ മലയിൽ 15 കുടുംബങ്ങൾ ആരംഭിച്ച മഴക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. സലീം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജസീല മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫിസർ ദാന മുനീർ മുഖ്യാതിഥിയായി.
7. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഈ മാസം 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്, തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും 8 9 4 3 8 7 3 0 6 8എന്ന നമ്പറിൽ മന്ത്രിയെ നേരിട്ട് അറിയിക്കാവുന്നതാണ്.
8. സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും ഇടംപിടിച്ച് കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 100 ഗ്രാം പായ്ക്കറ്റാണ് വിതരണം ചെയ്യുന്നത്. തിരുവല്ല, പത്തനംതിട്ട, റാന്നി, പറക്കോട് എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലും റേഷന്‍ കടകളിലുമാണ് ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത്. കുടുംബശ്രീക്ക് രണ്ടു ലക്ഷത്തിന് മുകളില്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളില്‍ ഉല്‍പ്പാദനവും പായ്ക്കിംഗും ഇതിനോടകം തന്നെ പുരോഗമിക്കുന്നതായി ജില്ലാ മിഷന്‍ കോ ഒാര്‍ഡിനേറ്റര്‍ അറിയിച്ചു.
9. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ, സംസ്ഥാനതല പരിശീലന സ്ഥാപനമായ, ചടയമംഗലം നീര്‍ത്തട വികസന പരിപാലന, പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2022 വര്‍ഷത്തേക്കുളള വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലേക്കുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. +2 / തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.ആണ് യോഗ്യത മാനദണ്ഡം. 10600 രൂപയാണ് കോഴ്‌സിന്റെ ഫീസ്. അപേക്ഷകള്‍ ഈ മാസം 25-ന് മുമ്പായി ignou.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 7 1 2 3 3 9 8 9 9എന്ന നമ്പറിലോ അല്ലെങ്കിൽ9 4 4 6 4 4 6 6 3 2എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
10. കടലും കടല്‍ത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി ഒമ്പതു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. അഞ്ചു കോടി രൂപയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന യാനങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പ്രത്യേക ബാഗുകള്‍ നല്‍കും. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, സാഫ്, ശുചിത്വമിഷന്‍, N.E.T.F.I.S.H എന്നിവരുടെ നേതൃത്വത്തിലാണു ശുചിത്വ സാഗരം പദ്ധതി നടപ്പാക്കുന്നത്.
11. കേരളത്തിൽ 30 ഡിഗ്രി സെൽഷ്യസ് ചൂട് ഇന്നും തുടരും എന്നാൽ വൈകുന്നേരവും രാത്രിയും താപനില 24 ഡിഗ്രി സെൽഷ്യസായി കുറയും. കണ്ണൂർ കാസറഗോഡ് ജില്ലകളിലും, കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ കാസറഗോഡ് ജില്ലകൾ ഒഴികെ കേരളത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ മഴ സാധ്യത കുറവ്. കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്ക് സാധ്യത. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Share your comments