<
  1. News

നോർക്ക-യുകെ കരിയർ ഫെയറിന് തുടക്കമായി

ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്‌മെന്റ്.

Saranya Sasidharan
NORKA-UK career fair will start on today
NORKA-UK career fair will start on today

ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന യു.കെ കരിയര്‍ ഫെയര്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം ഇന്ന് തുടങ്ങി. ഫെസ്റ്റ് 25 വരെ എറണാകുളത്ത് നടക്കും.

ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്‌മെന്റ്.

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കരിയർ ഫെയർ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ രാവിലെ 8.30 ന് ഉദ്ഘാടനം ചെയ്യും. നാവിഗോ ഡെപ്പ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ് റിക്രൂട്ട്‌മെന്റ് നടപടികള്‍ സംബന്ധിച്ച് ചടങ്ങില്‍ വിശദീകരിക്കും. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി സ്വാഗതവും, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ് കാത്തി മാര്‍ഷല്‍ നന്ദിയും പറയും.

അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ നവംബര്‍ 15 നകം 13,000 ത്തോളം അപേക്ഷകളാണ് നോര്‍ക്ക റൂട്ട്‌സില്‍ ലഭിച്ചത്. ഇവയില്‍ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, DWMS (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. 21 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ നിശ്ചിത സ്ലോട്ടുകള്‍ തിരിച്ചാണ് ഓരോ മേഖലയില്‍ ഉള്‍പ്പെടുന്നവരുടേയും അഭിമുഖം നടക്കുക.

ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടര്‍മാര്‍, ജനറല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍ എന്നിവര്‍ക്കാണ് സ്ലോട്ടുകള്‍ . രണ്ടാം ദിനം വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കും, മൂന്നാം ദിനം ഡയറ്റീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, സീനിയര്‍ കെയറര്‍ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സുമാര്‍ എന്നിവര്‍ക്കും, ആഞ്ചാം ദിനം നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കുമുളള സ്ലോട്ടുകള്‍ പ്രകാരമാണ് റിക്രൂട്ട്‌മെന്റ് നടക്കുക.

അഭിമുഖത്തില്‍ പങ്കെടുക്കാനുളള തീയതിയും സമയവും (സ്ലോട്ടും) ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനു വരുന്നവര്‍ ഇതിന്റെ പകര്‍പ്പാണ് അഡ്മിറ്റ് കാര്‍ഡായി കരുതേണ്ടത്. ഒപ്പം അപേക്ഷയില്‍ പറയുന്ന വിദ്യാഭ്യാസം, തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം എന്നിവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കേണ്ടതാണ്. ഇതിനോടൊപ്പം DWMS ആപ്പ് വഴി ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വ്യക്തമാക്കിയവര്‍, പ്രസ്തുത ആപ്പിലെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനായി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണും കരുതേണ്ടതാണ്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും നിരീക്ഷകരുടേയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്‌സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ലണ്ടനില്‍ ഒപ്പുവെച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ Humber and North Yorkshire Health & Care Partnership, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായുളള ആദ്യഘട്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. 2023 ഫെബ്രുവരിയില്‍ രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിനും ധാരണയായിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Delhi Milk Price: മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപ കൂട്ടി​

English Summary: NORKA-UK career fair will start on today

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds