1. സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമായി നടപ്പിലാക്കുന്നതിന് നടപ്പിലാക്കുന്ന ‘വെളിച്ചം’ എന്ന പേരില്‍ തത്സമയസംപ്രേഷണം ആരംഭിക്കുന്നു. വ്യാഴാച വൈകുന്നേരം 7 മണിക്ക്, തിരുവനന്തപുരം ആനയറ സമേതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷിമന്ത്രി ശ്രീ.പി. പ്രസാദ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ ഡോ.ബി.അശോക് ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐ.എ.എസ്. പദ്ധതി വിശദീകരണം ചെയ്തു. വെളിച്ചം പദ്ധതി വഴി കൃഷി വകുപ്പിന്റെ മീറ്റിംഗുകളിൽ ഇനി പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട പൊതുജന താല്പര്യമുള്ള കൃഷി വകുപ്പിന്റെ ഉദ്ദ്യോഗസ്ഥയോഗങ്ങൾ തത്സമയ സംപ്രേഷണം ചെയ്യുകയും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ വഴി പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു. കൃഷിമന്ത്രി, FIB എന്നിവരുടെ ഫേസ്ബുക് പേജ് വഴിയും FIB യൂട്യൂബ് ചാനൽ വഴിയുമായിരിക്കും തത്സമയ സംപ്രേഷണം ചെയ്യുന്നത്. കാര്‍ഷിക വികസനവും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത് കൂടുതല്‍ ജനകീയവും സുതാര്യവുമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2. തരിശുഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയായ "സുഭിക്ഷ കേരളം" കൃഷിമന്ത്രി ശ്രീ.പി.പ്രസാദ് ഉദ്ഘാടനു ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കുടുംബശ്രീയും കൃഷിവകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ കൃഷിവകുപ്പ് ജീവനക്കാരടക്കം നിരവധി പേർ പങ്കെടുത്തു.
3. സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം തുടങ്ങി നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Share your comments