<
  1. News

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് രണ്ടാം വാരം തുടങ്ങും, കൂടുതൽ കാർഷിക വാർത്തകൾ

ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും, ഓഗസ്റ്റ് 17ന് ശേഷം കിറ്റ് വിതരണം തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

Anju M U

  1. വറുതിയില്ലാതെ ഓണമുണ്ണാൻ കേരള സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഈ മാസം പകുതിയോടെ തുടങ്ങും. ഓഗസ്റ്റ് മൂന്നാം വാരത്തോടെ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും, ഓഗസ്റ്റ് 17ന് ശേഷം കിറ്റ് വിതരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ഓണക്കിറ്റ് ലഭിക്കുന്നത് വൈകുമോ എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണക്കിറ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും.
  1. ICAR സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റീജിയണൽ സ്റ്റേഷൻ, കായംകുളത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പോസ്റ്റൽ കവറും സ്റ്റാമ്പും റിലീസ് ചെയ്തു. കേരള പോസ്റ്റൽ സർക്കിളിന്റെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷെയൂളി ബർമൻ IPOS, കൃഷിമന്ത്രി പി. പ്രസാദിന് പോസ്റ്റൽ കവർ നൽകി പ്രകാശനം നിർവ്വഹിച്ചു. കായംകുളം എം എൽ എ അഡ്വ. U പ്രതിഭ അധ്യക്ഷയായ ചടങ്ങിൽ ICAR കായംകുളം ആക്ടിങ് ഹെഡ് ഡോ. അനിതകുമാരി, ICAR കാസർഗോഡ് ആക്ടിങ് ഡയറക്ടർ ഡോ അനിത കരുൺ എന്നിവർ സാന്നിധ്യമറിയിച്ചു.
  2. ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, വയനാട്, കണ്ണൂർ ജില്ലകളിൽ പന്നികളെ കൊന്നൊടുക്കിയതിനുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തുകയിലേക്ക് 50% നൽകുമ്പോൾ ബാക്കി 50% കേന്ദ്ര സർക്കാരാണ് വഹിക്കേണ്ടത്. എന്നാൽ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ നിശ്ചിത ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും അനുവദിക്കുകയായിരുന്നു. കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന മുറയ്ക്ക്, പണം റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും. വയനാട് കല്പറ്റയിൽ വച്ച് നടന്ന നഷ്ടപരിഹാര തുക വിതരണത്തിന്, സുൽത്താൻ ബത്തേരി എം.എൽ.എ. IC ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലായി ആകെ 52.23 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്.
  1. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ എറണാകുളം ആലങ്ങാട് ബ്ലോക്കിൽ സംഘടിപ്പിച്ച കർഷക സഭകളുടെ ബ്ലോക്ക് തല ക്രോഡീകരണ യോഗവും ബ്ലോക്ക് തല കര്‍ഷക സഭയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആലങ്ങാട്, കരുമാല്ലൂര്‍, കടുങ്ങല്ലൂര്‍, വരാപ്പുഴ എന്നീ പഞ്ചായത്തുകളിലെയും , ആലുവ ,ഏലൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലെയും കർഷക സഭകളുടെ ഉദ്ഘാടനമാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചത്. യോഗത്തിൽ വച്ച് ജില്ലാ തല കർഷക അവാർഡ് ജേതാക്കളായ സിനി സന്തോഷ്‌, ഡേവിസ്‌ CA ,കൃഷി അസിസ്റ്റന്റ് വിനീത TA എന്നിവരെ ആദരിച്ചു.
  1. ആസാദി കാ അമൃത് മഹോത്സവ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെയും ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കേരള സര്‍ക്കാര്‍ പദ്ധതിയുടെയും ഭാഗമായി കാസർഗോഡ് പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ഔഷധോദ്യാനം നിർമിക്കുന്നു. ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും പിലിക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘ഔഷധ സമ്പുഷ്ട വീട്ടുമുറ്റം പദ്ധതി’യുടെ ഭാഗമായാണ് ഔഷധോദ്യാന നിര്‍മാണം. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ ഔഷധോദ്യാന നിര്‍മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ മാസം ആദ്യവാരത്തോടെ ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ വൈകുന്നേരം 3.30ന്, ഗവേഷണ കേന്ദ്രത്തിലെ ഔഷധ സസ്യ മാതൃ തോട്ടത്തില്‍ വച്ച് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും.
  2. ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനവും ജൈവ പച്ചക്കറി തോട്ടത്തിലെ കൃഷിയും പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. പരിസ്ഥിതിക്ക് ഏറെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് മനുഷ്യർ ജീവിക്കുന്നതെന്നും, പരിസ്ഥിതിയിലെ ജീവന ഘടകങ്ങളെല്ലാം പരസ്പര പൂരകങ്ങളാണെന്നും ചടങ്ങിൽ മന്ത്രി അഭിപ്രായപ്പെട്ടു. പ്രകൃതി സംരക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് പകർന്ന് നൽകേണ്ടത് കുട്ടികൾക്കാണ്. അവർക്ക് അത് കൂടുതൽ പ്രയോഗത്തിൽ വരുത്തുവാനും കഴിയും. ഉപഭോക്ത്ര ശേഷി കൂടിയപ്പോൾ മനുഷ്യന് ജീവിതശൈലി രോഗങ്ങൾ വർധിച്ചു. എന്തും കാശു കൊടുത്തു വാങ്ങാൻ കഴിയുമെങ്കിലും നല്ല ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തമായി കൃഷിചെയ്തേ മതിയാകൂവെന്നും മന്ത്രി വ്യക്തമാക്കി. മികച്ച കുട്ടി കർഷകനായ ആദർശിനെ മന്ത്രി പി പ്രസാദ് ചടങ്ങിൽ ആദരിച്ചു. കൃഷി ഉദ്യോഗസ്ഥനായ സുരേഷിന് പ്രത്യേക ആദരവും നൽകി.
  1. ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന രണ്ടു ദിവസത്തെ കടല്‍ വിഭവ ഭക്ഷ്യ ഫെസ്റ്റിവൽ​ ഫോർട്ട് കൊച്ചിയിൽ സമാപിച്ചു. ഫോര്‍ട്ട്കൊച്ചി പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തിലാണ് ഭക്ഷ്യ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ഫിഷറീസ് വകുപ്പിന്​ കീഴിലുള്ള സൊസൈറ്റിസ് ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍, മത്സ്യഫെഡ്, കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എന്നിവരുടെ സ്റ്റാളുകള്‍ ഭക്ഷ്യ മേളയിയിൽ ഉൾപ്പെടുത്തിയിരുന്നു.
  2. തിരുവനന്തപുരം വെളളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം കര്‍ഷക ദിനത്തോടനുബന്ധിച്ച് ഈ മാസം 17ന് കൂണ്‍ കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ ഈ മാസം 15-ന് നാല് മണിക്ക് മുമ്പായി 9 4 4 6 9 1 1 4 5 1 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  1. വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുത്ത്, പരിപാലന പ്രവർത്തനങ്ങൾ നടത്തണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴു നഗര കേന്ദ്രീകൃത മേഖലകളിൽ സ്മൃതി വനങ്ങൾ ഒരുക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഇടങ്ങളിലും 75 വീതം വൃക്ഷത്തൈകൾ നട്ട് ഫലപ്രദമായ രീതിയിൽ പരിപാലിക്കുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. വരും വർഷങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ നടത്താൻ വനം വകുപ്പിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
  2. രാജ്യത്തെ ക്ഷീരമേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുന്ന ചർമമുഴ രോഗത്തിനെതിരെ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍എസ്‌ഡി വൈറസുകൾ രാജ്യത്തെ ക്ഷീരസമ്പത്തിന് കനത്തപ്രഹരമേൽപ്പിച്ചിരുന്നു. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനും ഇത് കാരണമായി. ഈ രോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ലംപി പ്രോ വാക് ഇന്ത്യ എന്ന വാക്സിൻ രണ്ട് ദിവസം മുൻപ് ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് പുറത്തിറക്കി. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന ഹരിയാനയിലെ നാഷണൽ സെന്റർ ഫോർ വെറ്ററിനറി കൾച്ചർ, ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വാക്സിൻ നേട്ടത്തിന് പിന്നിൽ.
  1. കേരള തീരങ്ങളില്‍ ഇന്നും, കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ പതിമൂന്ന് വരെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും, ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. അതേ സമയം, സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ നേരിയ തോതിൽ താപനില വർധിച്ചു. എങ്കിലും, താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളം ഒഴിഞ്ഞിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുണ്ട്. കേരള തീരങ്ങളില്‍ ഇന്നും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ പതിനഞ്ച് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മരങ്ങൾ അവയുടെ സ്വഭാവം അനുസരിച്ച് നടുന്ന തൈകൾ തമ്മിൽ അകലം ക്രമീകരിക്കണം

English Summary: onam kit distribution to start from August second week, know more agriculture news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds