1. ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉത്പാദന, സേവനവ്യവസായ സംരംഭങ്ങൾക്കുപുറമെ വ്യാപാരസ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം. ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 5000 രൂപ വരെ) വ്യവസായവകുപ്പിൽനിന്ന് തിരികെ ലഭിക്കും. പ്രകൃതിക്ഷോഭം, തീപിടിത്തം, മറ്റ് അപകടങ്ങൾ എന്നിവയോടൊപ്പം MSME യൂണിറ്റുകൾ എടുക്കുന്ന എല്ലാവിധ സുരക്ഷാപോളിസികൾക്കും പദ്ധതി പ്രകാരം റീഫണ്ട് ലഭിക്കും. IRDA അംഗീകരിച്ച സർക്കാർ ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുക്കുന്ന എല്ലാ പോളിസികളും പദ്ധതിക്കായി പരിഗണിക്കും. ഉദ്യം രജിസ്ട്രേഷൻ പോളിസി സർട്ടിഫിക്കറ്റ്, തുക ഒടുക്കിയ രേഖകൾ എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫീസിലോ ബ്ലോക്ക്/ നഗരസഭാ വ്യവസായ വികസന ഓഫീസർമാർ മുഖേനയോ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവർക്ക് http://msmeinsurance.industry.kerala.gov.in/ എന്ന പോർട്ടൽ വഴിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0483 2737405, 9188401710 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
2. ഓണവിപണി ലക്ഷ്യം വച്ച് കഞ്ഞിക്കുഴിയിലെ കർഷകർ ആരംഭിച്ച പൂകൃഷിയുടെ വിളവെടുപ്പുകൾക്ക് തുടക്കമായി. എട്ടാം വാർഡിലെ ചക്കനാട്ടു വീട്ടിൽ സി.ആർ.ഷാജിയും കുടുംബവും നടത്തിയ പൂകൃഷിയുടെ വിളവെടുപ്പുദ്ഘാടനം കൃഷി മന്ത്രി ശ്രീ. പി പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അരയേക്കർ സ്ഥലത്താണ് വ്യത്യസ്ത ഇനം ബന്ദിപ്പൂക്കൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ, കൃഷി ഓഫീസർ റോസ്മി ജോർജ് , അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.ഡി. അനില, കർഷകൻ സി.ആർ. ഷാജി, എന്നിവരും ചടങ്ങിൽ ഭാഗമായി.
3. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ചവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ രാജസ്ഥാൻ ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിക്കുന്ന ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തികൂടിയ ന്യൂനമർദ്ദം പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുകയാണ്. ഇന്നും നാളെയും ജാർഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments