
1. ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ അവസരം. സ്വന്തമായി ഭൂമിയുള്ളവർക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും, പഞ്ചായത്ത് തല മൃഗാശുപത്രികളുമായും, വെറ്ററിനറി സബ്സെന്ററുകളുമായും ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയൽ രേഖ (വോട്ടേ്ഴ്സ് ഐ.ഡി / പാൻ കാർഡ് / ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്), സ്ഥിരതാമസ രേഖ (2 മാസത്തിൽ താഴെ പഴക്കമുള്ള ഫോൺ ബിൽ / കരം രസീത് / വൈദ്യുതി ബിൽ/വോട്ടേ്ഴ്സ് ഐ.ഡി / പാസ്പോർട്ട് / ആധാർ കാർഡ് / സർക്കാർ വകുപ്പുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നൽകുന്ന സർട്ടിഫിക്കറ്റ്), ആറ് മാസത്തിനുളളിൽ എടുത്ത 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം അപേക്ഷ നൽകണം. അവസാന തീയതി ഒക്ടോബർ 31.
2. സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കാട വളര്‍ത്തലിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28-ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 24-ാം തീയതിക്കുള്ളിൽ 04936 297084 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
3. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇന്ന് നാല് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments