നാസിക് ജില്ലയിൽ രണ്ട് കർഷകർ 3000 കിലോ ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. കണ്ടനെ ഗ്രാമത്തിലെ കർഷകരാണ് ഉള്ളിവില കുത്തനെ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് തങ്ങളുടെ വിളവെടുത്ത ഉള്ളി മുഴുവൻ റോഡിലെറിഞ്ഞത്. കർഷകരിൽനിന്ന് ഉള്ളി മൊത്തമായി വാങ്ങുന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) കിലോവിന് ഒന്നര രൂപ വെച്ചാണ് ഇവർക്ക് നൽകിയത്.
ഇത് തങ്ങൾ ചെലവാക്കിയതിന്റെ അടുത്തു പോലുമെത്തില്ലെന്ന് പറഞ്ഞാണ് ലോറിയിൽ കൊണ്ടുവന്ന ഉള്ളി ഇവർ റോഡിലുടനീളം ഉപേക്ഷിച്ചത്. ഒരുകിലോ ഉള്ളി ഉത്പാദിപ്പിക്കുന്നതിന് തങ്ങൾക്ക് ഏകദേശം ഒൻപത് രൂപയോളം ചെലവായെന്നും ഇവർ പറയുന്നു. ഉള്ളിവില കുത്തനെ ഇടിഞ്ഞതിൽ പലതരത്തിലാണ് പ്രതിഷേധം നടന്നുവരുന്നത്.
ആഴ്ചകൾക്കുമുമ്പ് നാസിക്കിലെ നിഫാഡ് താലൂക്കിൽ നിന്നുള്ള കർഷകൻ തന്റെ വിളയായ 750 കിലോ ഉള്ളി വിറ്റപ്പോൾ ലഭിച്ചത് 1064 രൂപയായിരുന്നു. അഹമ്മദ് നഗറിലുള്ള മറ്റൊരു കർഷകനായ ശ്രേയസ് അഭാലെക്ക് 2657 കിലോ ഉള്ളി വിറ്റപ്പോൾ ലഭിച്ചത് 2916 രൂപ. കിലോവിന് ഒന്നരരൂപ പോലും ലഭിച്ചില്ല. ഇത്രയും ഉള്ളി ചന്തയിൽ എത്തിക്കാൻ വാഹനത്തിന് അദ്ദേഹം നൽകിയത് 2910 രൂപ
Share your comments