1. അടുക്കള ബജറ്റിനെ താളംതെറ്റിച്ച് വിലക്കയറ്റം. കയറ്റുമതി നിരോധനം നീക്കിയതായി വാർത്ത പുറത്തുവന്നതോടെ സവാളയ്ക്ക് വീണ്ടും വില ഉയർന്നു. 2023 ഡിസംബര്‍ 8-നാണ് സവാള കയറ്റുമതി മാർച്ച് 31 വരെ കേന്ദ്രസർക്കാർ നിരോധിച്ചത്. വീണ്ടും വില വർധിച്ച സാഹചര്യത്തിൽ നിരോധനം പിൻവലിച്ചിട്ടില്ലെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് അറിയിച്ചു. ആഭ്യന്തരവിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് സവാള കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്. സവാളയുടെ മൊത്തവിതരണകേന്ദ്രമായ ലസാൽഗോണിൽ 40 ശതമാനത്തോളം വില ഉയർന്നു. ക്വിന്റലിന് 1280 രൂപയായിരുന്ന സവാളയ്ക്ക് 1800 രൂപ വരെ വർധിച്ചു.
കൂടുതൽ വാർത്തകൾ: സാമ്പത്തിക പ്രതിസന്ധി! 13 സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി
2. 'പച്ചക്കറി തൈ ഉത്പാദനം, പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ്' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽവെച്ച് ഫെബ്രുവരി 24ന് പരിശീലനം നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ 04952935850, 9188223584 നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
3. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ കുംഭവിത്ത് മേള ആരംഭിച്ചു. കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെയും സ്റ്റാളുകള്‍, വിവിധ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍, മണ്ണ് പരിശോധന തുടങ്ങിയവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി വിവിധ കാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കും.
4. 'ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആലത്തൂര്‍ വാനൂരിലെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ഫെബ്രുവരി 27, 28 തീയതികളിലാണ് പരിശീലനം നടക്കുക. പത്തോ അതില്‍ കൂടുതലോ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കോ, ക്ഷീരമേഖലയിൽ ഒരു സംരംഭം തുടങ്ങുന്നവർക്കോ പരിശീലനത്തിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. പ്രവേശന ഫീസ് 20 രൂപയാണ്. ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 24 ന് വൈകിട്ട് നാലിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ലോ, 04922226040, 9446972314, 9496839675 മുഖേനയോ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം.
Share your comments