സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കുന്നതോടെ ഗ്രന്ഥശാലകൾ മുതലായ സ്ഥലങ്ങൾ സ്കൂളുകളായേക്കും.
ടി വി, ഇന്റർനെറ്റ് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ് ഉറപ്പാക്കണമെന്ന നിർദേശം വന്നതോടെ സ്കൂളുകളോ ഗ്രന്ഥശാലകളോ ഇതിനായി സജ്ജീകരിക്കാനാണ് ആലോചന.
ഹൈസ്കൂൾ മുതലുളള വിദ്യാർത്ഥികൾക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം. ടി വി, ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെ സ്കൂളുകളിൽ എത്തിച്ച് ഓൺലൈനായി ക്ലാസ് കേൾപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ 40 ലക്ഷത്തോളം വിദ്യാർത്ഥികളെ ഓൺലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ ഒരുക്കാൻ സർക്കാരിന്റെ പ്രധാന ആശ്രയം കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോർട്ടൽ വഴിയും ക്ലാസുകൾ കാണാം.
അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈർഘ്യം. ഒന്നാം ക്ലാസുകാർക്കും പ്ലസ് വൺകാർക്കും ക്ലാസ് ഉണ്ടാകില്ല. പ്ലസ്ടുക്കാർക്കും പത്താംക്ലാസുകാർക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളിൽ ക്ലാസ് ഉറപ്പിക്കും. എൽപി ക്ലാസുകാർക്ക് ഒരു ദിവസം ഒരു ക്ലാസേ ഉണ്ടാകൂ. വിദ്യാർത്ഥികൾ ഓൺലൈനിൽ ക്ലാസ് കേൾക്കുന്നുണ്ടോയെന്ന് അതത് ക്ലാസ് ടീച്ചർമാർ ഉറപ്പിക്കണം. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാൻ അവസരമില്ല എന്നതാണ് പ്രധാന പോരായ്മ. ക്ലാസുകൾക്ക് ശേഷം സംശയങ്ങൾ പരിഹരിക്കാൻ ക്ലാസ് ടീച്ചർമാർ തന്നെ മുൻകൈ എടുക്കണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പരീക്ഷകേന്ദ്ര മാറ്റം: പുതിയ കേന്ദ്രങ്ങളുടെ ലിസ്റ്റും വ്യക്തിഗത സ്ലിപ്പും
                    
                    
                            
                    
                        
                        
                        
                        
                        
                        
                        
                        
Share your comments