സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷാ പരിശോധനകൾ സുതാര്യമാക്കുന്നതിനും പരിശോധനകൾക്കുള്ള കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഫുഡ് ഇൻസ്‌പെക്ഷൻ ആൻഡ് ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റം (എഫ്ഐഎൽഐഎസ്) മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ സംവിധാനം സംസ്ഥാനത്തിൻ്റെ ഭക്ഷ്യസുരക്ഷാരംഗത്തെ പുതിയ കാൽവയ‌്പാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളുടെ പൂർണവിവരം ലഭിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫിസർമാരുടെ ജോലി മേലുദ്യോഗസ്ഥർക്കു നിരീക്ഷിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
വ്യാപാരികൾക്കുള്ള നോട്ടീസ്, പിഴ ഈടാക്കൽ, ഭക്ഷ്യ സാമ്പിളുകളുടെ ലാബ‌് അനാലിസിസ് റിപ്പോർട്ട്, തുടർന്നുള്ള നിയമനടപടികൾ എന്നിവയും കൃത്യമായി നിരീക്ഷിക്കാം. ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനുവേണ്ടി സിഡ്കോ മുഖേനയാണ് ഓൺലൈൻ പോർട്ടലൊരുക്കിയത‌്. മായം എളുപ്പം കണ്ടെത്താൻ സഹായിക്കുന്നതിനായി നിർമിച്ച ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചലച്ചിത്രവികസന കോർപറേഷനുമായി സഹകരിച്ചാണ‌് ചിത്രമൊരുക്കിയത‌്. നാൽപ്പതോളം ഭക്ഷ്യവസ്തുക്കളിൽ മായമുണ്ടോയെന്ന് പരീക്ഷിക്കാൻ വീട്ടമ്മമാരെ സഹായിക്കുന്ന രീതിയിലുമാണ് ചിത്രം തയ്യാറാക്കിയത‌്.
Share your comments