1. ഓണക്കിറ്റ് വിതരണത്തിൽ തീരുമാനം. സംസ്ഥാനത്തെ 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ 4 അംഗങ്ങൾക്ക് 1 കിറ്റ് വീതമാണ് നൽകുക. കിറ്റിൽ 14 ഉൽപന്നങ്ങൾ ഉണ്ടാകും. അതേസമയം, സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ 5 കിലോ അരി വീതം വിതരണം ചെയ്യുന്നത്. 1 കിലോ അരിയ്ക്ക് 10.90 രൂപ നിരക്കിലാണ് നൽകുക. AAY കാർഡുകാർക്ക് 3 മാസത്തിലൊരിക്കൽ നൽകുന്ന മണ്ണെണ്ണ കൂടാതെ ഓണത്തിന് അര ലിറ്റർ മണ്ണെണ്ണ കൂടി അധികമായി നൽകും. ഉത്രാടത്തിനും തലേദിവസവും റേഷൻ കടകൾ പ്രവർത്തിക്കും. തിരുവോണം മുതൽ 3 ദിവസം അവധിയായിരിക്കും.
കൂടുതൽ വാർത്തകൾ: ഓണത്തിന് വലയും: സപ്ലൈകോയിൽ സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം!!
2. രാജ്യത്തെ ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിന്റെ ഭാഗമായി നേപ്പാളിൽ നിന്ന് തക്കാളിയും, മൊസാംബിക്കിൽ നിന്ന് തുവര പരിപ്പും, മ്യാൻമറിൽ നിന്ന് ഉഴുന്നു പരിപ്പും ഇറക്കുമതി ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൺസ്യൂമർ ഫെഡറേഷൻ നേരിട്ടാണ് തക്കാളി എത്തിക്കുന്നത്. സ്റ്റോക്ക് കൂടുതൽ വിപണിയിൽ എത്തുന്നതോടെ ഡൽഹിയിൽ തക്കാളി വില 70 രൂപ വരെ താഴുമെന്ന് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
3. സൗദി അറേബ്യയിൽ ജൈവ കോഴി ഉൽപാദന പദ്ധതി ആരംഭിച്ച് പരിസ്ഥിതി ജല കൃഷി മന്ത്രാലയം. ഫാമുകൾ സ്ഥാപിക്കാൻ കുറഞ്ഞ നിരക്കിൽ സ്ഥലം നൽകുക, വായ്പകൾ നൽകുക, സാങ്കേതിക പിന്തുണ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. ജൈവ കോഴി ഉൽപാദന മേഖലയിൽ 1,700 കോടി റിയാലിന്റെ പുതിയ നിക്ഷേപം നടത്താനും 2025ഓടെ മേഖലയിൽ 80 ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
Share your comments