<
  1. News

ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിയിൽ അപേക്ഷിക്കാം...കൂടുതൽ കൃഷി വാർത്തകൾ...

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Raveena M Prakash
Open precision farming, now is the time for apply
Open precision farming, now is the time for apply

1. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കൃഷി ജാഗരൺ സ്പെഷ്യൽ മില്ലറ്റ് എഡിഷൻ പുറത്തിറക്കി. 12 ഭാഷകളിലായി 24 എഡിഷനുകളാണ് കൃഷി ജാഗരൺ ആസ്ഥാനത്ത് വെച്ച് പുറത്തിറക്കിയത്. കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, NRAA CEO അശോക് ദൽവായി, ഉത്തരാഖണ്ഡ് കൃഷിമന്ത്രി ഗണേഷ് ജോഷി, യൂണിയൻ മിനിസ്റ്റർ of state for agriculture and farmers welfare കൈലാഷ് ചൌദരി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും കൃഷി ജാഗരൺ അംഗങ്ങളും ചടങ്ങിൽ ഭാഗമായി.

2. ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഓൺലൈൻ വിപണി കണ്ടെത്തുന്നതിനും പിന്തുണ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് സംഘടിപ്പിച്ച ജി.ഐ കോൺക്ലേവിൽ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനായി മികച്ച മാർക്കറ്റിങ് രീതികൾ ഉപയോഗിക്കുന്നതിനു വകുപ്പ് പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.

3. സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിർത്തലാക്കിയ കേന്ദ്രം പകരം നൽകാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷൻകടകൾ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല വിജിലൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർത്തലാക്കിയ ഗോതമ്പ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

4. കർഷകർക്ക് കിസാൻ ഡ്രോൺ ദത്തെടുക്കലിന് പ്രോത്സാഹനം നൽകാനും, സഹായിക്കാനും ഒപ്പം തന്നെ
കിസാൻ ഡ്രോണുകൾ വാങ്ങുന്നതിന് തടസ്സരഹിതമായ ക്രെഡിറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വെച്ച് ചെന്നൈ ആസ്ഥാനമായുള്ള ധക്ഷ അൺമാൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. കൃഷി, പ്രതിരോധം, നിരീക്ഷണം, ലോജിസ്റ്റിക്‌സ്, സർവേയിംഗ് തുടങ്ങി വിവിധ മേഖലകൾക്കായുള്ള ഡ്രോണുകളാണ് ധക്ഷ അൺമാൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

5. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മൾച്ചിംഗ് എന്നീ ഘടകങ്ങൾ ചെയ്യുന്ന യൂണിറ്റുകൾക്കാണ് ധനസഹായം നൽകുക. ഇത്തരത്തിൽ വാഴയ്ക്ക് ഹെക്ടറൊന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടറൊന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ, ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനുമായോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കും ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പരിനും www.shm.kerala.gov.in സന്ദർശിക്കണം.

6. ഗ്രാമീണ മേഖലകളിലെ എല്ലാ വീടുകളിലും സമയബന്ധിതമായി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലയിലെ ജലജീവന്‍ മിഷന്‍, അനുബന്ധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ കൊല്ലം ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ രണ്ടു ലക്ഷത്തി പതിമൂവായിരത്തി മുന്നൂറ്റി മുപ്പത്തൊൻപത് കണക്ഷനുകള്‍ നല്‍കി. രണ്ടു ലക്ഷത്തി അമ്പതിനായിരത്തി അയ്യായിരത്തി ഇരുന്നൂറ്റി പതിനാലു കൂടി നല്‍കാനുണ്ട്. ഇതിനായി 1840. 75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2024-25 ആകുമ്പോഴേക്കും പൂര്‍ണമായും ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

7. ചെറുകിട സംരംഭകരുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വഹിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പവലിയന്‍ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതല്‍13 വരെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും, 25280 പേര്‍ക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേര്‍ക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

8. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന് ധനസഹായം നല്‍കുന്നു. സംരംഭക പ്രേരിതമായ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കും. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ട്.

9. വയനാട് ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ എ. ഗീത റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മീനങ്ങാടിയിലുള്ള 3 റേഷൻകടകളിലാണ് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിംഗ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ ജില്ലാ കലക്ടര്‍ പരിശോധിച്ചു.

10. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും നേതൃത്വത്തില്‍ വീട്ടുപരിസരത്ത് വിഷരഹിത അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നൂറ് കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തു. ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തരാക്കുക, വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1,50,000 രൂപ ചെലവിൽ പതിനായിരം ഞാലിപ്പൂവൻ, നേന്ത്രവാഴ കന്നുകൾ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 ഞാലിപ്പൂവനും 10 നേന്ത്രവാഴക്കന്നും വീതം 500 വീടുകളിലേക്ക് വിതരണം നടത്തി.

11. കാസര്‍കോട് ജില്ലയിലെ കൃഷിയിടങ്ങളിൽ ജലസേചനം, സൗരോര്‍ജ്ജത്തിലൂടെ നടത്താനുള്ള പദ്ധതിയുമായി അനെര്‍ട്ട്. കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സൗജന്യമായി സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതു വഴി കര്‍ഷകര്‍ക്ക് സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറാന്‍ സാധിക്കും ഒപ്പം മിച്ചം വരുന്ന സൗരോര്‍ജത്തില്‍ നിന്ന് വരുമാനവും നേടാം.

12. മഞ്ചേശ്വരം താലൂക്കിൽ ആഫ്രിക്കന്‍ പന്നി പനി, രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന A D M എ.കെ.രമേന്ദ്രന്‍ അറിയിച്ചു. വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗ്ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം. അതേസമയം മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ല.

13. ന്യായമായ വ്യാപാര സമ്പ്രദായങ്ങൾ ഉറപ്പാക്കുന്നതിനും, മായം ചേർക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ, ആദ്യമായി ബസുമതി അരി തിരിച്ചറിയുന്നതിനുള്ള സമഗ്രമായ മാനദണ്ഡങ്ങൾ പുറത്തിറക്കി. ബസുമതി അരിക്ക്, അരിയുടെ സ്വാഭാവിക സുഗന്ധം ഉണ്ടായിരിക്കണം. കൃത്രിമ കളറിംഗ്, പോളിഷിംഗ് ഏജന്റുകൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവ ഉണ്ടാകരുത്. വിജ്ഞാപനം ചെയ്തിട്ടുള്ള ഈ മാനദണ്ഡങ്ങൾ ഈ വർഷം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരും.

14. ഐക്യരാഷ്ട്ര സഭ 2023നെ, അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന് ശേഷം ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, വ്യാഴാഴ്ച ഗയാനയിൽ 200 ഏക്കർ ഭൂമി സ്വകാര്യ മേഖലയ്ക്ക് മില്ലറ്റ് കൃഷി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗയാന പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഗയാനയിൽ മില്ലറ്റ് ഫാം സ്ഥാപിക്കാൻ വിദഗ്ധ സംഘത്തെ അയക്കാൻ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെടുകയും കരീബിയൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മില്ലറ്റ് ഉൽപ്പാദനത്തിനും പ്രോത്സാഹനത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കൃഷി മന്ത്രാലയം അറിയിച്ചു.

15. ഇന്നു മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമ നിധി ബോർഡ് ഏർപ്പെടുത്തി

English Summary: Open precision farming, now is the time for apply

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds