എറണാകുളം: ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായിജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോയിത്തറ കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും.
20 കൊല്ലമായി അടഞ്ഞ് കിടന്നിരുന്ന കോയിത്തറ കനാൽ പൂർണമായി ശുചീകരിച്ച് വെള്ളം തേവരക്കായലിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
കോയിത്തറ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെയുള്ള കൾവർട്ട് പൂർണമായും അടഞ്ഞ അവസ്ഥയിലാണ്. അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകൾ, കേബിളുകൾ എന്നിവയ്ക്ക് പുറമേ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ ഒഴുക്കിന് തടസമാകുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ് പ്രദേശം സന്ദർശ്ശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ഓവർ ബ്രിഡ്ജിന് താഴെ ജെറ്റിങ്ങിലൂടെ വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇതിന് തടസമായി. തുടർന്ന് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ നീക്കി അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ് ബ്രേക്ക് ത്രൂ സംഘം. തേവര കനാലിലേക്കാണ് കോയിത്തറ തോട് ചേരുന്നത്. തേവരകനാൽ മുഖത്തെ തടസങ്ങൾ നീക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരത്തിലെ കാനകളിലൂടെയും ചെറുതോടുകളിലൂടെയും പ്രധാന തോടുകളിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇടപ്പള്ളിതോടിലെ തടസ്സങ്ങൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം ലുലു മാളിന് സമീപം തുടക്കമായി. ഇടപ്പള്ളിതോടിലെ പാലങ്ങൾക്ക് കീഴിലുള്ള തടസ്സങ്ങൾ നീക്കിയും ചെളിനീക്കം ചെയ്തും തോടിലെ ഒഴുക്ക് സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ചങ്ങാടം പോക്ക്, കാരണക്കോടം തോടുകൾ ബന്ധിപ്പിച്ച് കലൂർ സ്റ്റേഡിയം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Share your comments