
1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 3200 രൂപവീതം പെൻഷൻ തുക ലഭിക്കും; കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനം. ക്ഷേമ പെൻഷൻ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിച്ച് മെയ് മാസത്തെ പെൻഷനൊപ്പം കുടിശിക കൂടി നൽകാനാൻ തീരുമാനിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കുടിശികയായ അഞ്ചു ഗഡുക്കൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ഈ സാമ്പത്തിക വർഷം നൽകാൻ തീരുമാനിച്ചിട്ടുള്ള ബാക്കി മൂന്നു ഗഡുക്കളിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു.
2. നെയ്യാറ്റിൻകര, കുളത്തൂർ കൃഷിഭവനു കീഴിൽ രൂപീകരിച്ച ഊരംവിള കൃഷിക്കൂട്ടം മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ സംഘടിപ്പിക്കുന്നു. ഏപ്രിൽ പത്താം തീയതി കൃഷിമന്ത്രി പി പ്രസാദ് കാർഷികമേള ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് ജമന്തി പൂക്കൾ കൊണ്ടും ക്രിസ്തുമസ് കാലത്ത് സൂര്യകാന്തി പൂക്കൾക്കൊണ്ടും വർണ്ണ വിസ്മയം തീർത്ത ഊരംവിള കൃഷിക്കൂട്ടം ഇത്തവണ വ്യത്യസ്തതയാർന്ന പൂക്കളുടെ പ്രദർശനവും നടീൽ വസ്തുക്കളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശനം വിപണന മേളയും, അക്വ ഷോ, ഫിഷ് സ്പാ, പെറ്റ് ഷോ, സെൽഫി പോയിന്റ്, ഫുഡ് കോർട്ട്, വിവിധ കലാപരിപാടികൾ കോർത്തിണക്കിയ കലാസന്ധ്യ തുടങ്ങി വൈവിധ്യമാർന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 20 ദിവസം നീണ്ട് നിൽക്കുന്ന മില്ലറ്റ് ഫെസ്റ്റ് & ഫ്ലവർഷോ ഏപ്രിൽ 30ന് അവസാനിക്കും.
മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി ലിങ്കിൽ ക്ലിക് ചെയ്യൂ: https://youtu.be/yVi4H5zs_1Q?si=VyNNjRfOxu9xcV8v
3. സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാപ്രവചനത്തിൽ ഏപ്രിൽ 28 ന് വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽമഴയ്ക്കിടയിലും മറ്റു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനില്കുന്നത്. ഇന്നും നാളെയും സംസ്ഥാനത്തെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37° ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36° ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
Share your comments