ലോക്ക് ഡൌൺ പശ്ചാത്തലത്തിലും മലയാളികള്‍ വീട്ടില്‍ വിഷുക്കണി ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.വിഷുക്കണി ഒരുക്കുന്നതിനും വിഷുസദ്യ തയ്യാറാക്കുന്നതിനുമായി പരമാവധി വിഭവങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പും.
ലോക്ക് ഡൌൺ ആണെങ്കിലും ഈ വർഷം വിഷുവിന് കണിവയ്ക്കാനുള്ള കണിവെള്ളരി നിങ്ങൾക്ക് ഓണ്‍ലൈനില്‍ കിട്ടും. ഇതിനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ് ആരംഭിച്ചു. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും കണ്ണൂരും ഓണ്‍ലൈന്‍ വിതരണം തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ കൊച്ചിയിലും തൃശൂരും ആരംഭിക്കും.
മറ്റുള്ള ജില്ലകളില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. നിലവിലുള്ള പ്രമുഖ ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് ഇവയുടെ വിതരണം നടത്തുകയെന്ന് ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ജെ സജീവ് പറയുന്നു. ഈ സമയം വെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓണ്‍ലൈന്‍ വിപണിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്.ഹോര്‍ട്ടികോര്‍പ് 40 ടണ്‍ ഇപ്പോള്‍ തന്നെ സംഭരിച്ചു കഴിഞ്ഞു. വിഷുവിന്റെ സമയം മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉല്‍പാദനം കൂട്ടിയത്. ഓൺലൈൻ വിപണിയുടെ പുറമെ കൃഷി വകുപ്പിന്റെ വിഷു വിപണികളിലും കണിവെള്ളരി വില്‍ക്കും.
Share your comments