സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങളുടെ വിസര്‍ജ്യം സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്ന പുതുമയാര്‍ന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേടുന്നത്.കൂടാതെ പദ്ധതി മൃഗശാലകള്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടിയായി മാറുകയാണ്. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലാ അധികൃതരാണ് മൃഗങ്ങളുടെ വിസര്‍ജ്യം സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്ന പുതുമയാര്‍ന്ന പദ്ധതി അവതരിപ്പിച്ചത്.മൃഗശാലകളുടെ മാലിന്യ സംസ്‌കരണം തലവേദനയായപ്പോഴാണ് അധികൃതര്‍ പുതിയ സംവിധാനം പരീക്ഷിച്ചത്.
തിരുവനന്തപുരം മൃഗശാലയില്‍ ജൈവവളവില്‍പ്പന വഴി 25,000 രൂപയും തൃശൂരില്‍ ഏകദേശം 3000 രൂപയുമാണ് മാസവരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറെ പോഷക ഗുണമുള്ള ജൈവവളമായതിനാല്‍ നഴ്സറികളും ജൈവകര്‍ഷകരും വാങ്ങാനെത്തുന്നു. 200 ലധികം മാനുകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. മാന്‍കാഷ്ഠം, കാട്ടുപോത്തിന്റെ ചാണകം, കരിയില എന്നിവ ഉപയോഗിച്ചാണ് വളമുണ്ടാക്കുന്നതെന്ന് തിരുവനന്തപുരം മൃഗശാലാ അധികൃതര്‍ പറയുന്നു.
അഞ്ചു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് ആദ്യമായി മാനിന്റെയും കാട്ടുപോത്തിന്റെയും വിസര്‍ജ്യവും മറ്റു മാലിന്യങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ ജൈവവളമാക്കി മാറ്റാന്‍ ആരംഭിച്ചത് പതിയെ ജൈവവളത്തിന് ആവശ്യക്കാര്‍ കൂടുകയും രണ്ടാമതൊരു മാലിന്യസംസ്‌കരണ പ്ലാന്റുകൂടി സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. മാനിന്റെ കാഷ്ഠം ഉണക്കിപ്പൊടിച്ചതിന് കിലോക്ക് ആറു രൂപയും കാട്ടുപോത്തിന്റെ ചാണകം ഉണക്കിപ്പൊടിച്ചതിന് അഞ്ചു രൂപയുമാണ് വില.
തൃശൂര്‍ മൃഗശാലയില്‍ രണ്ടു വര്‍ഷത്തോളമായി ജൈവവളം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട്. നൂറോളം പുള്ളിമാനുകളും 85 മ്ലാവുകളും 30 പന്നിമാനുകളും മൂന്ന് കാട്ടുപോത്തുകളുമാണിവിടെയുള്ളത്. ഒരു വലിയ ലോറി ലോഡ് ജൈവവളത്തിന് 900 രൂപയും ടിപ്പറിന് 600 രൂപയും പെട്ടി ഓട്ടോക്ക് 450 രൂപയും ഒരു ചാക്കിന് 40 രൂപയുമാണ് വില ഈടാക്കുന്നത്.
Share your comments