നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കൃതി കൊണ്ട് വരുന്നതിനു കർഷകനേയും കലാകാരനേയും കൃഷിയേയും നാടകത്തേയും കോർത്തിണക്കി ഒരു പുതിയ കാർഷിക സാംസ്കാരിക പദ്ധതിയ്ക്ക് വാമനപുരം കളമച്ചലിൽ തുടക്കമായി. ഭാരത് ഭവൻ്റെ നേതൃത്വത്തിൽ ‘ഓർഗാനിക് തിയറ്റർ’ എന്ന പേരിൽ ഇന്ത്യയുടെ കാർഷിക സാംസ്കാരത്തിന് മാതൃകയാകുന്ന പദ്ധതിക്ക് തുടക്കമായത്. നടീൽ ഉത്സവം മന്ത്രി വി.സ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കൃഷിക്കൊപ്പം കർഷകർ പരിശീലിക്കുന്ന നാടകത്തിൻ്റെ പാഠവായന മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു.കേരളത്തിൻ്റെ ജൈവ കാർഷിക സംസ്കൃതിയെ തിരികെയെത്തിച്ച് ഗ്രാമീണ നാടകവേദിയുടെ പുതുസന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഈ സംരഭം വിവ കൾച്ചറൽ ഓർഗനൈസേഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, കൃഷിയെ ഒരു സംസ്കാരമായി വളർത്തിയെടുക്കുക, ഗ്രാമീണ നാടകങ്ങളെ വളർത്തുകയും നിലനിർത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓർഗാനിക് തീയറ്റർ പ്രവർത്തിക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടുകാരായ കർഷകരെ ഉപയോഗപ്പെടുത്തിയാണ് ജൈവകൃഷി ആരംഭിക്കുന്നത്. ഇതോടൊപ്പം പ്രദേശത്തെ നാടകാഭിമുഖ്യമുള്ള കലാകാരന്മാരെ അണിനിരത്തി ഗ്രാമീണ നാടകങ്ങൾ അണിയിച്ചൊരുക്കും. ഇതിനായി കൃഷിയിടത്തിന് സമീപത്തായി നാടക റിഹേഴ്സൽ ക്യാമ്പും ആരംഭിക്കും. അതുകൊണ്ടു തന്നെ ഇടവേളകളിൽ കലാകാരനും കർഷകനും പരസ്പരം ഇടപഴാകാനുള്ള അവസരവും ലഭിക്കും. മണ്ണിനെ പരിപാലിക്കുന്നതിലൂടെ നാടകവും വളരും. നാല‌് മാസം കഴിയുമ്പോൾ ജൈവകൃഷി വിളവെടുപ്പും നാടാകാവതരണവും നടക്കും.പ്രാദേശിക പ്രശ്നങ്ങൾ, ചരിത്രങ്ങൾ തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ ഗ്രാമീണ നാടകങ്ങളിൽ പ്രമേയമാകും. ഇടശ്ശേരിയുടെ “കൂട്ടുകൃഷിയാണ്” ആദ്യ നാടകമായി അവതരിപ്പിക്കുന്നത്. ഭാരത് ഭവൻ ഒരു പൈലറ്റ് പ്രോജക്റ്റായി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ ഓർഗാനിക് തീയറ്റർ വരും വർഷങ്ങളിൽ മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്നും ഈ മാസം അവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു.
Share your comments